കോഴിക്കോട്ട് ആശങ്ക കൂട്ടി വീണ്ടും ഷിഗെല്ല; കുന്ദമംഗലത്ത് ഒരു വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയിൽ ഷിഗെല്ല രോഗബാധ വീണ്ടും റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
ഇതിനുപുറമെ പയ്യോളി തുറയൂർ പഞ്ചായത്തിലെ ഒൻപത് വയസ്സുകാരനും ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കുട്ടിയുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കുട്ടി ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പയ്യോളി നഗരസഭ പരിധിയിലെ തച്ചൻകുന്നിൽ മൂന്ന് വയസ്സുകാരനും കടുത്ത പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഷിഗെല്ല കണ്ടെത്തിയിരുന്നു.
ഈ മാസം ആറാം തീയതി കോഴിക്കോട് പാലക്കുളത്തൂർ സ്വദേശിനിയായ നാലര വയസ്സുകാരി ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും കുട്ടികളിൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മനുഷ്യ ശരീരത്തിലെ ദഹനവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന ഷിഗെല്ല ബാക്ടീരിയ, മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിലാണ് കൂടുതൽ മാരകമാകുന്നത്.
കടുത്ത വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, മലത്തോടൊപ്പം രക്തവും കഫവും പുറത്തുപോവുക എന്നിവയാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണങ്ങൾ. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പ്രധാനമായും പകരുന്നത്. രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറെ സമീപിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് ജനങ്ങൾക്ക് നിർദേശം നൽകി.
പ്രധാന ലക്ഷണങ്ങൾ ശ്രദ്ധിക്കുക:
കടുത്ത പനി, വയറിളക്കം, വയറുവേദന, ഛർദ്ദി, മലത്തിൽ രക്തത്തിന്റെ അംശം എന്നിവ കണ്ടാൽ ഒട്ടും വൈകിക്കാതെ വൈദ്യസഹായം തേടുക. വ്യക്തിശുചിത്വവും കുടിവെള്ളത്തിന്റെ ശുദ്ധിയും ഉറപ്പുവരുത്തുക.