ഒരുക്കങ്ങൾ ആറ് മാസം മുമ്പെങ്കിലും തുടങ്ങേണ്ടിയിരുന്നില്ലേ; ശബരിമലയിലെ തിരക്കിൽ ഹൈക്കോടതി
ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിൽ ഇടപെടലുമായി ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ ഉണ്ടാകണം. മണ്ഡല, മകരവിളക്ക് തീർഥാടനം സംബന്ധിച്ച ഒരുക്കങ്ങൾ ആറ് മാസം മുമ്പെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്നും കോടതി ചോദിച്ചു.
ഏകോപനമില്ലാത്തതാണ് പ്രശ്‌നം. തിരക്ക് നിയന്ത്രണത്തിന് പുറമെ ശുചിമുറി സൗകര്യത്തിന്റെ കാര്യത്തിലടക്കം ദേവസ്വം ബോർഡിനെ കോടതി വിമർശിച്ചു. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിച്ചത്. തീർഥാടന കാലത്ത് ശബരിമലയുടെ ഓരോ ഭാഗത്തും എത്രത്തോളം ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുമെന്ന് കോടതി ചോദിച്ചു
നിലയ്ക്കൽ മുതൽ സന്നിധാനവും പതിനെട്ടാം പടിയും അടക്കമുള്ള സ്ഥലങ്ങൾ ഇത്തരത്തിൽ അഞ്ചോ ആറോ ആയി തിരിക്കണം. ഓരോ സ്ഥലത്തും ഒരേ സമയം എത്ര പേരെ ഉൾക്കൊള്ളാൻ കഴിയുമെന്ന് തീരുമാനിക്കണം. ഇതിനായി ഒരു വിദഗ്ധ സംഘത്തെ രൂപപ്പെടുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.