ട്രോളി ബാഗുകളിലുള്ളത് സിദ്ധിഖിന്റെ മൃതദേഹം; സ്ഥിരീകരിച്ച് മകൻ
 

 

ട്രോളി ബാഗുകളിലുള്ളത് സിദ്ധിഖിന്റെ മൃതദേഹം; സ്ഥിരീകരിച്ച് മകൻ
അട്ടപ്പാടി ചുരം വളവിൽ നിന്നും കണ്ടെത്തിയ ട്രോളി ബാഗുകളിലെ മൃതദേഹാവശിഷ്ടങ്ങൾ ഹോട്ടലുടമ സിദ്ധിഖിന്റെ തന്നെയെന്ന് തിരിച്ചറിഞ്ഞു. സിദ്ധിഖിന്റെ മകനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇതിന് ശേഷം മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും

തിരൂർ സ്വദേശിയാണ് കൊല്ലപ്പെട്ട സിദ്ധിഖ്(58). കോഴിക്കോട് ചിക്ക് ബേക്ക് എന്ന ഹോട്ടൽ നടത്തുകയായിരുന്നു. നഗരത്തിൽ താമസിച്ച് കച്ചവടം നടത്തുന്നയാളായിരുന്നു സിദ്ധിഖ്. സിദ്ധിഖിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതായതോടെ മകൻ പോലീസിൽ പരാതി നൽകുകയായിരുന്നു

അന്വേഷണത്തിൽ സിദ്ധിഖിന്റെ എടിഎം കാർഡ് ഉപയോഗിച്ച് പമം പിൻവലിച്ചതായി കണ്ടെത്തി. സിദ്ധിഖിന്റെ ഹോട്ടലിലെ ജീവനക്കാരനെയും ഇതേ അവസരത്തിൽ കാണാതായും ദുരൂഹത വർധിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത്. 

കോഴിക്കോടുള്ള ഹോട്ടലിൽ വെച്ച് ഹോട്ടൽ ജീവനക്കാരനായിരുന്ന ഷിബിലിയും(22), സുഹൃത്ത് ഫർഹാനയും(18) ചേർന്ന് സിദ്ധിഖിനെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ഇതിന് ശേഷം മൃതദേഹം ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളുകയായിരുന്നു. ചെന്നൈയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.