കോട്ടയം സ്‌കൂൾ മൈതാനത്തിന് സമീപത്തുള്ള കാട്ടിൽ തലയോട്ടിയും അസ്ഥികളും; ആദ്യം കണ്ടത് കുട്ടികൾ
Sep 20, 2025, 17:07 IST
കോട്ടയം ആർപ്പൂക്കര മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തിന് സമീപമുള്ള കാട്ടിൽ നിന്ന് മാസങ്ങൾ പഴക്കമുള്ള തലയോട്ടിയും അസ്ഥികളും കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം കളിക്കുന്നതിനിടെ കാട്ടിലേക്ക് വീണ പന്ത് തിരയുന്നതിനിടെ കുട്ടികളാണ് അസ്ഥികൂടം ആദ്യം കണ്ടത്.
ഇതോടെ സ്ഥലത്ത് ആരും പ്രവേശിക്കാതിരിക്കാൻ പോലീസ് വടം കെട്ടി തിരിച്ചു. ശനിയാഴ്ചയാണ് തലയോട്ടിയും അസ്ഥികളും മണ്ണിന്റെ സാമ്പിളും സമീപത്ത് കിടന്നിരുന്ന വെള്ളക്കുപ്പിയും മറ്റ് അവശിഷ്ടങ്ങളും പോലീസ് ശേഖരിച്ചത്.
ഫോറൻസിക് പരിശോധനക്ക് ശേഷമേ അസ്ഥികളുടെ പഴക്കവും ലിംഗവും സ്ഥിരീകരിക്കാനാകൂ. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.