{"vars":{"id": "89527:4990"}}

തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ കേന്ദ്രം തനിനിറം കാണിച്ചു; ഗ്യാസ് വില വർധനക്കെതിരെ പ്രതിഷേധ ആഹ്വാനവുമായി സിപിഐഎം

 

വാണിജ്യ പാചകവാതക വില വര്‍ധനക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ കേന്ദ്ര സര്‍ക്കാര്‍ തനിനിറം പുറത്തുകാണിച്ചുവെന്നും രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിക്കണമെന്നും സിപിഐഎം ആഹ്വാനം ചെയ്തു. വില വര്‍ധനവിന്റെ ആത്യന്തികമായ ആഘാതം ജനങ്ങളാണ് അനുഭവിക്കേണ്ടത്. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി നിലകൊള്ളുന്ന ബിജെപിക്ക് ജനങ്ങളുടെ പ്രയാസം തിരിച്ചറിയില്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില ചരിത്രത്തിലില്ലാത്തവിധം വര്‍ധിപ്പിച്ചിരിക്കുകയാണ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വില ആയിരം രൂപയോളമാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഇത് വിലക്കയറ്റത്തിന് കാരണമാകുമെന്നതില്‍ ബിജെപിക്ക് മാത്രമേ സംശയമില്ലാതിരിക്കൂവെന്നും പ്രസ്താവനയിൽ പറയുന്നു.

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കും. ഭക്ഷ്യസാധനങ്ങള്‍ക്ക് ഇപ്പോള്‍തന്നെ വില കൂടി. ഇനിയും വര്‍ധിപ്പിക്കേണ്ടിവരുമെന്നത് ജനങ്ങള്‍ക്ക് താങ്ങാനാകാത്തതാകും. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി നിലകൊള്ളുന്ന ബിജെപി ജനങ്ങളുടെ പ്രയാസം തിരിച്ചറിയില്ല. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടുന്നത്. പെട്രോളിനും ഡീസലിനും ഗാര്‍ഹിക സിലിണ്ടറിനും കൂടി അടുത്ത ദിവസങ്ങളില്‍ വില കൂട്ടും എന്നാണ് റിപ്പോര്‍ട്ട്. വിലക്കയറ്റം രൂക്ഷമാക്കുന്ന ഈ ജനവിരുദ്ധ നയത്തിനെതിരെ ശക്തമായ പ്രതിരോധം ഉയരണമെന്നും സിപിഐഎം ആഹ്വാനം ചെയ്തു.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ കേന്ദ്ര ബിജെപി സര്‍ക്കാര്‍ അതിന്റെ തനിനിറം വീണ്ടും പുറത്തുകാണിച്ചു. കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില ചരിത്രത്തിലില്ലാത്തവിധം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ സംസ്ഥാനത്തെങ്ങും പ്രക്ഷോഭമുയര്‍ത്താന്‍ ബഹജുനങ്ങളോടും പാര്‍ടി ഘടകങ്ങളോടും ആഹ്വാനംചെയ്യുന്നു.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വില ആയിരം രൂപയോളമാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഇത് വിലക്കയറ്റത്തിന് കാരണമാകുമെന്നതില്‍ ബിജെപിക്കു മാത്രമേ സംശയമില്ലാതിരിക്കൂ. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കും. ഇതിന്റെ ആത്യന്തികമായ ആഘാതം ജനങ്ങളാണ് അനുഭവിക്കേണ്ടത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ പാചകവാകത ക്ഷാമമുണ്ടാക്കിയ പ്രയാസങ്ങള്‍ കുറഞ്ഞിട്ടില്ല. ചെറുകിട ഹോട്ടലുകള്‍ പലതും അടഞ്ഞുകിടക്കുകയാണ്. അത് തൊഴിലാളികളെയും ബാധിക്കും. ഭക്ഷ്യസാധനങ്ങള്‍ക്ക് ഇപ്പോള്‍തന്നെ വില കൂടി. ഇനിയും വര്‍ധിപ്പിക്കേണ്ടിവരുമെന്നത് ജനങ്ങള്‍ക്ക് താങ്ങാനാകാത്തതാകും.

കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി നിലകൊള്ളുന്ന ബിജെപി ജനങ്ങളുടെ പ്രയാസം തിരിച്ചറിയില്ല. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടുന്നത്. പെട്രോളിനും ഡീസലിനും ഗാര്‍ഹിക സിലണ്ടറിനും കൂടി അടുത്ത ദിവസങ്ങളില്‍ വില കൂട്ടും എന്നാണ് റിപ്പോര്‍ട്ട്. വിലക്കയറ്റം രൂക്ഷമാക്കുന്ന ഈ ജനവിരുദ്ധ നയത്തിനെതിരെ ശക്തമായ പ്രതിരോധം ഉയരണം. ഈ മാസം ആറിന് ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചിട്ട് പ്രതിഷേധിക്കാന്‍ ആ മേഖലയിലെ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് പ്രതിഷേധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.