ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കാൻ പ്രത്യേക ട്രെയിനുകൾ; ആദ്യ ട്രെയിൻ ഡൽഹിയിൽ നിന്ന്

ലോക്ക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കാൻ പ്രത്യേക ട്രെയിനുകൾക്കായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്ന് റെയിൽവേയോടും
 

ലോക്ക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കാൻ പ്രത്യേക ട്രെയിനുകൾക്കായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്ന് റെയിൽവേയോടും കേന്ദ്രസർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ആദ്യ ട്രെയിൻ ഡൽഹിയിൽ നിന്നായിരിക്കും വരികയെന്നാണ് അറിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർഥികൾക്കായിരിക്കും ഇതിൽ മുൻഗണന. മുംബൈ, ബാംഗ്ലൂർ, ചെന്നൈ എന്നീ നഗരങ്ങളിൽ കുടുങ്ങിയ മലയാളികളെയും ട്രെയിൻ മാർഗം തിരികെയെത്തിക്കും. ദൂരസ്ഥലങ്ങളിൽ കുടുങ്ങിയവരെ തിരികെ എത്തിക്കാനുള്ള മാർഗങ്ങളും ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു

സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏഴാം തീയതി ദുബൈയിൽ നിന്ന് കോഴിക്കോട് എത്തിയ ഒരാൾക്കും അബുദബിയിൽ നിന്ന് കൊച്ചിയിലെത്തിയ ഒരാൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇടുക്കിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ രോഗമുക്തി നേടി ആശുപത്രി വിടുകയും ചെയ്തു.

നമ്മുടെ ഇടപെടലും പ്രതിരോധവും കൂടുതൽ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് എവിടെ കുടുങ്ങിയ കേരളീയരെയും തിരിച്ച് നാട്ടിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കേന്ദ്രസർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തിയാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.