{"vars":{"id": "89527:4990"}}

പാക്കിസ്ഥാന് വേണ്ടി ചാരപ്പണി; യുപി സ്വദേശിയായ എയർ ഫോഴ്‌സ് ജീവനക്കാരൻ അറസ്റ്റിൽ
 

 

പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയ സംഭവത്തിൽ ഉത്തർ പ്രദേശ് സ്വദേശി പിടിയിൽ. അസമിലെ ഇന്ത്യൻ എയർ ഫോഴ്സ് സ്റ്റേഷൻ ജീവനക്കാരനായ സുമിത് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. രാജസ്ഥാൻ ഇന്റലിജൻസ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഉത്തർപ്രദേശ് പ്രയാഗ്രാജ് സ്വദേശിയാണ് സുമിത് കുമാർ. ഈ വർഷം ആദ്യം ജയ്സാൽമർ സ്വദേശിയായ ജബാര റാം എന്നയാളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് സുമിത് കുമാറിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

ദിബ്രുഗഢിലെ എയർ ഫോഴ്സ് സ്റ്റേഷനിൽ മൾട്ടി ടാസ്‌കിങ് സ്റ്റാഫ് മെമ്പറാണ് സുമിത് രാജ്. ഇയാൾക്ക് പാക്കിസ്ഥാനി ഇന്റലിജൻസ് ഏജൻസി ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധമുണ്ടായിരുന്നു. തന്റെ പദവി ദുരുപയോഗം ചെയ്താണ് ഇയാൾ ചാരപ്പണി നടത്തിയത്. കൂടുതൽ ചോദ്യം ചെയ്യലിനായി സുമിത് കുമാറിനെ ജയ്പൂരിലെത്തിച്ചിട്ടുണ്ട്.