{"vars":{"id": "89527:4990"}}

മയപ്പെട്ട് ശ്രീലേഖ; ഓഫീസ് ആവശ്യം പറഞ്ഞത് യാചനാസ്വരത്തിലെന്ന് പ്രതികരണം: പ്രശാന്തിനെ ഓഫീസിലെത്തി കണ്ടു

 

തിരുവനന്തപുരം: ഓഫീസ് തര്‍ക്കത്തില്‍ നിന്നും പിന്നോട്ടടിച്ച് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് മൂന്നോ നാലോ മാസം നിലവിലെ കെട്ടിടത്തില്‍ തുടരുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്ന് ശ്രീലേഖ പറഞ്ഞു. ഒഴിയണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ ഓഫീസിലെത്തി പ്രശാന്തിനെ കണ്ടതിന് പിന്നാലെയാണ് ശ്രീലേഖ ആവശ്യത്തില്‍ മയപ്പെട്ടത്.

മാഡമാണ് വിവാദമുണ്ടാക്കിയതെന്ന് പ്രശാന്ത് ശ്രീലേഖയോടായി പറഞ്ഞു. തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് ശ്രീലേഖയും പ്രതികരിച്ചു. രാവിലെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ ഓഫീസ് സന്ദര്‍ശിച്ച ശേഷവും എംഎല്‍എ ഓഫീസ് ഒഴിയണമെന്ന നിലപാടില്‍ തന്നെയായിരുന്നു ശ്രീലേഖ. പിന്നീട് ആവശ്യത്തിൽ മയപ്പെടുത്തുകയായിരുന്നു.

കെട്ടിടത്തിന്റെ പൂര്‍ണ്ണ അവകാശം തിരുവന്തപുരം കോര്‍പ്പറേഷനാണെന്നും യാചനാസ്വരത്തിലാണ് പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടതെന്നുമായിരുന്നു ശ്രീലേഖ പറഞ്ഞത്. 'പ്രശാന്ത് അടുത്ത സൃഹൃത്താണ്. മകന്റെ വിവാഹം പ്രശാന്ത് മണ്ഡപത്തില്‍ നിന്ന് നടത്തി തന്നത് പ്രശാന്ത് ആണ്. സഹോദരതുല്ല്യന്‍. ഓഫീസ് കെട്ടിടം സംബന്ധിച്ച് സംസാരിക്കാന്‍ പലതവണ പഴയനമ്പറില്‍ പ്രശാന്തിനെ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. ഇരിക്കാന്‍ സ്ഥലമില്ലെന്നും ഓഫീസ് മാറിതരാന്‍ പറ്റുമോയെന്നും പിന്നീട് ഫോണില്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് കഴിയുംവരെ മാറുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും മാധ്യമങ്ങളോട് എന്ത് പറയുമെന്നുമായിരുന്നു മറുപടി. എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറാമല്ലോയെന്ന് നിര്‍ദേശിക്കുകയും അഞ്ച് വര്‍ഷം തനിക്ക് കൗണ്‍സിലറായി ഇരിക്കേണ്ടതല്ലേയെന്നും പറഞ്ഞു. പറ്റില്ല. ഒഴിപ്പിക്കാമെങ്കില്‍ ഒഴിപ്പിച്ചോയെന്നായിരുന്നു മറുപടി', ശ്രീലേഖ വിശദീകരിച്ചു.

 ഓഫീസ് സംബന്ധിച്ച് കരാര്‍ ഉണ്ടെന്ന് തോന്നുന്നില്ല. കോര്‍പ്പറേഷന്റെ സ്ഥലമായതുകൊണ്ടാണല്ലോ എംഎല്‍എ വാടക കൊടുക്കുന്നതെന്നും ശ്രീലേഖ പറഞ്ഞു.അതേസമയം ഓഫീസ് ഒഴിയില്ലെന്ന നിലപാടില്‍ വി കെ പ്രശാന്ത് ഉറച്ചുനില്‍ക്കുകയായിരുന്നു. ഓഫീസ് ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ശ്രീലേഖയുടേത് ശുദ്ധമായ മര്യാദകേടാണെന്നുമായിരുന്നു പ്രശാന്ത് പറഞ്ഞത്. ഇന്നലെ വന്ന ശ്രീലേഖ മുന്‍ മേയറായ നിലവില്‍ എംഎല്‍എ ആയ ഒരാളെ ഇങ്ങനെ അവഹേളിക്കാമോ എന്നും പ്രശാന്ത് ചോദിച്ചിരുന്നു

ശനിയാഴ്ചയാണ് എംഎല്‍എ വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടത്. ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസ് കെട്ടിടം തനിക്ക് വേണമെന്നായിരുന്നു ബിജെപി കൗണ്‍സിലറായ ശ്രീലേഖയുടെ ആവശ്യം. എംഎല്‍എ ഓഫീസ് ഇരിക്കുന്ന കെട്ടിടമാണ് തനിക്ക് സൗകര്യമെന്നായിരുന്നു ശ്രീലേഖയുടെ വാദം. എന്നാല്‍ വാടക കരാര്‍ അവസാനിക്കാതെ മാറില്ലെന്ന് വി കെ പ്രശാന്ത് അറിയിക്കുകയായിരുന്നു. തന്റെ കാലാവധി മൂന്ന് മാസം കൂടി ബാക്കിയുണ്ടെന്ന് എംഎല്‍എ മറുപടിയും നല്‍കിയിരുന്നു.