{"vars":{"id": "89527:4990"}}

സംസ്ഥാന ചലച്ചിത്ര അവാർഡ്: പുരസ്കാരങ്ങൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ്

 

55മത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ തിളങ്ങി മഞ്ഞുമ്മൽ ബോയ്സ്. മികച്ച ചിത്രം ഉൾപ്പെടെ ഏഴ് പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച സംവിധായകനായി ചിദംബരത്തെ തിരഞ്ഞെടുത്തു. മഞ്ഞുമ്മൽ ബോയ്സിലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനമെഴുതിയ റാപ്പർ വേടൻ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടി. ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനായി സൗബിൻ ഷാഹിർ അർഹനായി.

മികച്ച ഛായ​ഗ്രഹകനായി ഷൈജു ഖാലിദും തിരക്കഥാകൃത്തായി ചിദംബരവും മികച്ച കലാസംവിധായകനായി അജയൻ ചാലിശ്ശേരിയും പുരസ്കാരം നേടി. 128 ചിത്രങ്ങളിൽ നിന്നാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി ‘മഞ്ഞുമ്മൽ ബോയ്സ്’ മാറിയിരുന്നു. 2024 ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് കേരളത്തിന് പുറത്തും ​ഗംഭീര സ്വീകരണമാണ് ലഭിച്ചിരുന്നത്.

റിലീസ് ചെയ്ത് ഒരുമാസം പിന്നിടും മുന്നെയാണ് ആ​ഗോളതലത്തിൽ ചിത്രം 200 കോടി പിന്നിട്ടത്. ആ​ഗോളതലത്തിൽ ഏറ്റവുമധികം കളക്ഷൻ നേടിയ മലയാള ചിത്രവും ‘മഞ്ഞുമ്മൽ ബോയ്സ്’ ആണ്.  സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു മഞ്ഞുമ്മൽ‌ ബോയ്സ്.