ഉദ്ഘാടനയാത്രയിൽ വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം പാടി വിദ്യാർഥികൾ; വീഡിയോ പങ്കുവെച്ച് റെയിൽവേ
കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ ആർഎസ്എസ് ഗണഗീതം പാടി വിദ്യാർഥികൾ. യൂണിഫോം ധരിച്ച വിദ്യാർഥികൾ ഗണഗീതം പാടുന്നതിന്റെ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു
ഉദ്ഘാടനം കഴിഞ്ഞ് എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ വന്ദേഭാരത് എക്സ്പ്രസിലാണ് കുട്ടികൾ ആർഎസ്എസിന്റെ ഗണഗീതം പാടിയത്. ഇതിന്റെ വീഡിയോയാണ് റെയിൽവേ തങ്ങളുടെ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. കുട്ടികൾ ദേശഭക്തി ഗാനം പാടുന്നുവെന്നാണ് ദക്ഷിണ റെയിൽവേ നൽകിയ കുറിപ്പ്. എന്നാൽ റെയിൽവേയുടെ രാഷ്ട്രീയ അജണ്ടക്കെതിരെ വിമർശനമുയരുന്നുണ്ട്
വീഡിയോ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്തത് ആരാണെന്നതിൽ കൃത്യമായ വിശദീകരണം റെയിൽവേ നൽകിയിട്ടില്ല. ഇന്നാണ് ബംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലായിരുന്നു ഫ്‌ളാഗ് ഓഫ് ചടങ്ങ്.