പോലീസ് ട്രെയിനിയുടെ ആത്മഹത്യ; ഉദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് ഡിഐജിയുടെ റിപ്പോർട്ട്
Updated: Sep 22, 2025, 10:30 IST
പേരൂർക്കട എസ് എ പി ക്യാമ്പിലെ പോലീസ് ട്രെയിനി ആനന്ദിന്റെ മരണത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് ഡിഐജിയുടെ റിപ്പോർട്ട്. കുടുംബത്തിന്റെ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഡിഐജി അരുൾ ബി കൃഷ്ണയുടെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ബറ്റാലിയൻ എഡിജിപിക്ക് കൈമാറി
ആദ്യ ആത്മഹത്യാശ്രമത്തിന് ശേഷം ആനന്ദിനെ ശുശ്രൂഷിച്ചതിൽ ഉദ്യോഗസ്ഥർക്ക് പിഴവില്ല. ആശുപത്രിയിൽ തന്നെ പാർപ്പിക്കുന്നതായിരുന്നു ഉചിതം. എന്നാൽ ബാരക്കിൽ താമസിക്കണമെന്ന് ആനന്ദ് എഴുതി നൽകിയിരുന്നു. കൗൺസിലിംഗിന് ശേഷം ആനന്ദ് സന്തോഷവാനായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
ആത്മഹത്യാശ്രമ വാർത്തകൾക്ക് താഴെ വന്ന ചില കമന്റുകൾ ആനന്ദിനെ അസ്വസ്ഥപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. മേലുദ്യോഗസ്ഥരുടെ പീഡനം മൂലം ആനന്ദ് ആത്മഹത്യ ചെയ്തുവെന്നാണ് കുടുംബം ആരോപിച്ചിരുന്നത്.