{"vars":{"id": "89527:4990"}}

രക്ഷപ്പെടാൻ സുകാന്ത് എന്തും ചെയ്യും; ഞങ്ങൾ അങ്ങട്ടോ അവർ ഇങ്ങോട്ടോ വന്നിട്ടില്ല: ഐബി ഉദ്യോഗസ്ഥയുടെ പിതാവ്

 
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ആരോപണവിധേയനായ സുകാന്തിനെതിരെ ഗുരുതര ആരോപണം. സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്ന് ഐബി ഉദ്യോഗസ്ഥയുടെ പിതാവ് പറഞ്ഞു. സുകാന്തിന് അച്ഛനും അമ്മയും ഉണ്ടെന്നറിയാം എന്നല്ലാതെ അവര്‍ എവിടെയാണെന്നോ എങ്ങനെയാണെന്നോ തങ്ങള്‍ക്കറിയില്ലെന്നും പിതാവ് പറഞ്ഞു. തങ്ങള്‍ സുകാന്തിന്റെ വീട്ടിലേക്കോ അവര്‍ ഇങ്ങോട്ടോ വന്നിട്ടില്ല. സുകാന്തിന്റെ വീട്ടുകാരുമായി തങ്ങള്‍ക്ക് കോണ്‍ടാക്റ്റ് ഉണ്ടായിരുന്നില്ല. അവരുടെ ഫോണ്‍ നമ്പര്‍ പോലും തങ്ങളുടെ പക്കല്‍ ഇല്ല. സുകാന്ത് രക്ഷപ്പെടാന്‍ എന്തു വേണമെങ്കിലും ചെയ്യും. അതിനെ എതിര്‍ക്കാന്‍ തങ്ങളും നിയമപരമായ കാര്യങ്ങള്‍ ചെയ്യും. സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ തങ്ങള്‍ എതിര്‍ക്കും. സുകാന്തിന് മുന്‍കൂര്‍ ജാമ്യം നല്‍കരുത്. ഉടന്‍തന്നെ ഹര്‍ജി നല്‍കും തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണം എന്ന് അഭ്യര്‍ത്ഥിക്കും. സുകാന്തിനെ കസ്റ്റഡിയില്‍ കിട്ടിയിട്ടില്ല എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സംഭവിക്കാത്ത കാര്യം സുകാന്ത് പറയുമ്പോള്‍ തങ്ങള്‍ എതിര്‍ക്കുമെന്നും ഐബി ഉദ്യോഗസ്ഥയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.