തമ്പാനൂർ ഗായത്രി വധക്കേസ്; പ്രതി അരുണിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
തമ്പാനൂരിലെ ലോഡ്ജിൽ യുവതിയെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കാട്ടാക്കട വീരണകാവ് വില്ലേജിൽ അരുവിക്കുഴി മുരിക്കത്തറതല വീട്ടിൽ ഗായത്രിയെ(25) കൊലപ്പെടുത്തിയ കേസിൽ കൊല്ലം സ്വദേശി അരുണിനെയാണ് ശിക്ഷിച്ചത്. 2022 മാർച്ച് 5നാണ് സംഭവം നടന്നത്.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ അരുൺ ഗായത്രിയുമായി അടുപ്പത്തിലായിരുന്നു. 2021ൽ വെട്ടുകാട് പള്ളിയിൽ വെച്ച് ഇയാൾ ഗായത്രിയെ വിവാഹം ചെയ്യുന്നതായി നടിച്ചു. പിന്നീട് ഗായത്രിയെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. 2022 മാർച്ച് 5ന് തമ്പനൂർ അരിസ്റ്റോ ജംഗ്ഷനിലെ ഹോട്ടലിൽ മുറിയെടുത്ത് ഗായത്രിയെ ഇവിടേക്ക് കൊണ്ടുവന്നു
വൈകിട്ട് അഞ്ച് മണിയോടെ ഗായത്രി ധരിച്ചിരുന്ന ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ പൂർണമായും സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.