{"vars":{"id": "89527:4990"}}

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് ബോച്ചെ വീട് ഒരുക്കും

 
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി എന്ന യുവതിയുടെ ജീവിതം നാളുകളായി കഠിനമായ ദുരന്തങ്ങള്‍ക്കിടയിലൂടെയാണ് കടന്നുപോകുന്നത്. എങ്കിലും, പ്രതിശ്രുത വരന്‍ ജെന്‍സന്റെ സ്നേഹത്തിന്റെയും പിന്തുണയുടെയും തണലില്‍ ശ്രുതി മടങ്ങിയെത്തുകയായിരുന്നു. എന്നാൽ, ഒരു വാഹനാപകടത്തിൽ കഴിഞ്ഞ ദിവസം ജെൻസനും മരണപ്പെട്ടതോടെ, ശ്രുതിയുടെ ജീവിതം വീണ്ടും ദുഃഖത്തിന്റെ ഇരുളിലേക്ക് തള്ളിയിടപ്പെട്ടു. ജെന്‍സന്റെ മരണശേഷം, ശ്രുതിയെ ആശ്വസിപ്പിക്കാനായി ബോചെ ആശുപത്രിയിൽ എത്തി. ശ്രുതി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ എത്തിയ അദ്ദേഹം ശ്രുതിയെ നേരിൽ കണ്ടു ആശ്വസിപ്പിച്ചു. ശ്രുതിക്ക് അവശ്യമുള്ള എല്ലാ സഹായങ്ങളും ചെയ്യാമെന്ന് ബോചെ ഉറപ്പ് നൽകി. അതേസമയം, ഒരു സഹോദരനായി ശ്രുതിയുടെ കൂടെ നിൽക്കുമെന്നും ബോചെ പറഞ്ഞു. ശ്രുതിയ്ക്ക് ഒരു വീട് നൽകാനുള്ള വാഗ്ദാനവും അദ്ദേഹം ചാരിറ്റബിള്‍ ട്രസ്റ്റ് വഴി പ്രഖ്യാപിച്ചു. ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വയനാട് യൂണിറ്റ് മുഖേന ശ്രുതിയ്ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ഉറപ്പുനൽകി. ഈ സന്ദര്‍ഭത്തിൽ, ജെന്‍സന്റെ പിതാവിനെയും വാഹനാപകടത്തില്‍ പരുക്കേറ്റ മറ്റ് ബന്ധുക്കളെയും സന്ദര്‍ശിച്ച ശേഷമാണ് ബോചെ മടങ്ങിയത്.