മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; കേരളത്തിന്റെ വിധി ഇനി സോണിയ ഗാന്ധിയുടെ കൈകളിൽ
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം വൈകുന്നു. സോണിയ ഗാന്ധിയുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും അഭിപ്രായം കൂടി പരിഗണിച്ചാകും ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ബംഗളൂരുവിൽ പോയതിനാൽ കഴിഞ്ഞദിവസം രാഹുൽ ഗാന്ധിയുമായി നേരിട്ടുള്ള ചർച്ചകൾ ഉണ്ടായില്ല. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴചക്ക് ശേഷം ഡൽഹിയിൽ തുടർന്നിരുന്ന രമേശ് ചെന്നിത്തലയും നാട്ടിലേക്ക് മടങ്ങി. ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി .
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ കേരളത്തിലെ നേതാക്കൾക്കും പ്രവർത്തകർക്കും കടുത്ത അതൃപ്തി. എഐസിസി നിരീക്ഷകർ എത്തി എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷവും തീരുമാനം വൈകുന്നതിൽ പ്രധാന നേതാക്കൾ ഉൾപ്പെടെ പ്രതിഷേധത്തിലാണ്. തീരുമാനം വൈകുന്നതിന് പിന്നിൽ ലീഗിൻറെ സമ്മർദ്ദമാണെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.വി ഡി സതീശനായി അവകാശവാദം ഉന്നയിക്കുന്ന മുസ്ലിം ലീഗാണ് ഘടകക്ഷികളുടെ സംഘടിത സമ്മർദ്ദത്തിന് പിന്നിലെന്നും ഹൈക്കമാൻഡ് വിലയിരുത്തുന്നു.
കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗിൻറെ അതിരുവിട്ട ഇടപെടലിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെങ്കിലും ലീഗുമായി ഒരു പരസ്യ ഏറ്റുമുട്ടലിന് ഹൈക്കമാൻഡ് തൽക്കാലം തയ്യാറാകില്ല. ഘടകകക്ഷികളെ കൂടി അനുനയിപ്പിച്ച് പ്രശ്നം പരിഹരിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് ഡൽഹിയിൽ നടക്കുന്നത്. ഒപ്പം ക്ലെയിമുള്ള നേതാക്കളെ അനുനയിപ്പിക്കാനുള്ള ഫോർമുലയും തയ്യാറാക്കണം. കേരളത്തിലെ മുതിർന്ന നേതാക്കളോട് അടക്കം അവസാനഘട്ട ചർച്ചകൾ പൂർത്തിയാക്കിയാകും എഐസിസി നേതൃത്വം അന്തിമ പ്രഖ്യാപനം നടത്തുക. ഇന്നോ
നാളെയോ ഡൽഹിയിൽ നിന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കരുതുന്നത്.
മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം നീളുമ്പോഴും വലിയ പ്രതീക്ഷയിൽ തന്നെയാണ് കോൺഗ്രസ്സിലെ മൂന്ന് ചേരിയും. കെ സി വേണുഗോപാൽ തന്നെയായിരിക്കും ഹൈക്കമാൻഡിൻ്റെ തീരുമാനമെന്നാണ് ഗ്രൂപ്പിൻ്റെ കണക്ക് കൂട്ടൽ. എഐസിസി കൂടുതൽ സമയമെടുക്കുന്നതിലാണ് വി ഡി പക്ഷത്തിൻ്റെയും ആർ സി പക്ഷത്തിൻ്റെയും ആത്മവിശ്വാസം. മുഖ്യമന്ത്രി ആരെന്നതിൽ ചർച്ചകൾ കഴിഞ്ഞെന്ന് രമേശ് ചെന്നിത്തല ഇന്നലെ അറിയിച്ചു.