അച്ഛൻ സമാധിയായെന്ന് മക്കൾ, മൃതദേഹം ഇരുത്തി സംസ്‌കരിച്ച് സ്ലാബിട്ട് മൂടി; വയോധികന്റെ മൃതദേഹം പുറത്തെടുക്കും
Jan 11, 2025, 15:16 IST
നെയ്യാറ്റിൻകര ആറാലുമൂട്ടിൽ വയോധികന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്ത്. ആറാലുമൂട് കാവുവിളാകം വീട്ടിൽ ഗോപൻ സ്വാമി(81) സമാധിയായെന്നാണ് മക്കൾ പറയുന്നത്. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പോസ്റ്റ്‌മോർട്ടം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു സ്വന്തം ഇഷ്ടപ്രകാരമാണ് ഗോപൻ സ്വാമിയെ സമാധി ഇരുത്തിയതെന്നാണ് മക്കൾ പറയുന്നത്. വർഷങ്ങളായി വീടിനോട് ചേർന്ന് ശിവക്ഷേത്രം നിർമിച്ച് പൂജാ കർമങ്ങൾ നടത്തി വരികയായിരുന്നു ഗോപൻ സ്വാമി. മൂന്ന് മാസങ്ങൾക്ക് മുമ്പ് അസുഖബാധിതനായതോടെ നാട്ടുകാരിൽ ചിലരോടും വാർഡ് മെമ്പറോടും ഞാൻ മരണപ്പെടുമ്പോൾ സമാധിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു ഭാര്യയോടും മക്കളോടും ഇതേ ആവശ്യം അറിയിച്ചിരുന്നതായി അവരും പറയുന്നു. സമാധിയായി അടക്കം ചെയ്യാനുള്ള സ്ഥലം ഒരുക്കുകയും അവിടെ കല്ല് കൊണ്ട് സമാധി പണിയുകയും ചെയ്തിരുന്നു. താൻ മരിച്ചതിന് ശേഷം ഈ സ്ഥലത്ത് സമാധിയാക്കണമെന്നും ഇതിന് ശേഷമേ നാട്ടുകാരോട് അറിയിക്കാൻ പാടൂള്ളുവെന്ന് തങ്ങളോട് പറഞ്ഞിരുന്നു എന്നാണ് മക്കൾ പറയുന്നത്. ഗോപൻ സ്വാമിയെ സമാധി ഇരുത്തിയ സ്ഥലം പോലീസ് സീൽ ചെയ്തു. വൈകാതെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയക്കും. ഗോപൻ സ്വാമിയുടെ ക്ഷേത്രത്തിൽ ദുർമന്ത്രവാദം നടന്നിരുന്നതായും വിവരമുണ്ട്