കൊച്ചിക്കാർ ഗ്യാസ് ചേംബറിലകപ്പെട്ട അവസ്ഥ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
 

 

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തവുമായി ബന്ധപ്പെട്ട വിമർശനവുമായി ഹൈക്കോടതി. ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ. കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്. ഇവിടെ വ്യവസായ ശാലകൾ പോലുമില്ല. എന്നിട്ടാണ് ഈ സ്ഥിതി. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായശാലകൾ ഉണ്ടായിട്ട് പോലും ഈ പ്രശ്‌നങ്ങളില്ലെന്ന് കോടതി വിമർശിച്ചു

വിഷയത്തിൽ കൊച്ചി കോർപറേഷൻ സെക്രട്ടറിയോട് ഇന്നുച്ചയ്ക്ക് 1.45ന് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു. രേഖകളും ഹാജരാക്കണം. ഓരോ ദിവസവും നിർണായകമാണ്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നത്. ഇതിനായി എല്ലാവരുടെയും കൂട്ടായ പ്രവർത്തനം വേണം. വിഷയത്തിൽ കർശന ഇടപെടലുണ്ടാകുമെന്നും കോടതി പറഞ്ഞു

വിഷയത്തിൽ കോർപറേഷൻ ഇന്ന് തന്നെ നിലപാട് എടുക്കണമെന്ന് കോടതി അറിയിച്ചു. ശക്തമായ നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നു. തീപിടിത്തത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകുമെന്നും കോടതി വാക്കാൽ പരാമർശിച്ചു