{"vars":{"id": "89527:4990"}}

എട്ട്‌ മാസം കഴിഞ്ഞാൽ കോൺഗ്രസ് അധികാരത്തിലെത്തും; സുജിത്തിനെ മർദിച്ച പോലീസുകാരെ പിരിച്ചുവിടും: മുരളീധരൻ

 

പോലീസ് സംവിധാനം കുത്തഴിഞ്ഞതിന് കാരണം മുഖ്യമന്ത്രിയെന്ന് കെ മുരളീധരൻ. കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളിൽ വ്യാപകമായ മർദനങ്ങളാണ് നടക്കുന്നത്. നടന്നു പോകുന്നവർ പോലും മൂക്കിൽ പഞ്ഞി വെച്ച് വരേണ്ട സ്ഥിതിയാണ്. എല്ലാ വകുപ്പുകളും പിടിച്ചുവെച്ചിരിക്കുന്ന പിണറായിക്ക് അവയൊന്നും നോക്കാൻ സമയമില്ല

എഡിജിപി അജിത് കുമാറാണ് അധോലോക സംഘത്തെ നിയന്ത്രിക്കുന്നത്. പോലീസിൽ മാഫിയ സംഘം രൂപം കൊണ്ട കാലം മുതൽ പിണറായി വിജയന് കണ്ടകശനി തുടങ്ങി. അത് അദ്ദേഹത്തെയും കൊണ്ടേ പോകൂ. സുജിത്തിനെ കുനിച്ച് നിർത്തി ഇടിച്ച പോലീസുകാരുടെ ആവേശം ഗോവിന്ദച്ചാമി ജയിൽ ചാടിയപ്പോൾ എവിടെപ്പോയെന്നും മുരളീധനർ ചോദിച്ചു

സുജിത്തിനെ മർദിച്ച നാല് പോലീസുകാരെ പിരിച്ചുവിടുന്നതുവരെ സമരവുമായി മുന്നോട്ടു പോകും. എട്ട് മാസം കഴിഞ്ഞ് അധികാരത്തിൽ വന്നാൽ ഇവരെ പിരിച്ചുവിടും. എട്ട് മാസത്തിനിടക്ക് മിണ്ടാതിരിക്കുമെന്ന് കരുതേണ്ട. ചുണക്കുട്ടികളാണ് നമ്മുടെ പ്രവർത്തകർ. പുറത്തിറങ്ങിയാൽ അടിച്ചു കാലൊടുക്കുമെന്നും മുരളീധരൻ പറഞ്ഞു