സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം; പുതിയ വരുമാന സ്രോതസ് കണ്ടെത്തണമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി അതീവ രൂക്ഷമാകുന്ന സാഹചര്യത്തിൽ, ബസുടമകൾ പുതിയ വരുമാന സ്രോതസുകൾ കണ്ടെത്താൻ ശ്രമിക്കണമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. വരുമാനത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തിയതോടെ പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം ഗണ്യമായി കുറച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബസ് മേഖലയെ സംരക്ഷിക്കാൻ പുതിയ നിർദേശങ്ങളുമായി മന്ത്രി രംഗത്തെത്തിയത്.
കെ.എസ്.ആർ.ടി.സി സർവീസുകൾ അധികമുള്ള റൂട്ടുകളിൽ സ്വകാര്യ ബസുകൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കെ.എസ്.ആർ.ടി.സി ബസുകളിൽ പരസ്യം നൽകി വരുമാനം നേടുന്നത് പോലെ സ്വകാര്യ ബസുകൾക്കും പരസ്യങ്ങളിലൂടെ പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബസ് മേഖലയിലെ നിലവിലെ പ്രശ്നങ്ങൾ സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്നും ഇതിന് അടിയന്തര പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ബസ് ഉടമകളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് സർക്കാർ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയതിനെ തുടർന്ന് സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് ജൂലൈ ഒന്ന് മുതൽ സർവീസ് നിർത്തിവെക്കാനും, നികുതി ഒഴിവാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന് 'ജി ഫോം' സമർപ്പിക്കാനും ഒരുങ്ങുകയാണ് ബസുടമകൾ. ഈ പശ്ചാത്തലത്തിലാണ് പ്രശ്നത്തിൽ അടിയന്തരമായി ഇടപെടുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിയത്.