ആഗ്രഹവും പ്രതീക്ഷയും എൽഡിഎഫ് ഭരണത്തിൽ വരണമെന്നാണ്; യുഡിഫ് വന്നാൽ കലഹം ഉറപ്പ്: വെള്ളാപ്പള്ളി നടേശൻ
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹവും പ്രതീക്ഷയുമെന്ന് വെള്ളാപ്പള്ളി നടേശൻ. തനിക്ക് തന്റെതായ കാരണങ്ങളുണ്ട്. സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞത്. അതിൽ ആരും പരിഭവം കാണണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എൽഡിഎഫ് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അവർ നേരിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് അദേഹം പറഞ്ഞു. യുഡിഎഫ് ഭരണത്തിൽ വന്നാൽ കലഹം ഉറപ്പാണെന്നും ഭരണം കിട്ടുമെന്ന് തോന്നിയപ്പോൾ ഇതാണ് അവസ്ഥയെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തുടർച്ചയായ 10 വർഷത്തെ ഭരണം എൽഡിഎഫ് താഴെ തട്ടിലെ അണികളെ ആലസ്യത്തിലാക്കി. താഴെ തട്ടിൽ ഇത്തവണ പ്രവർത്തനം ശക്തമല്ല. എൽഡിഎഫ് വന്നാൽ മുഖ്യമന്ത്രി പിണറായി തന്നെയാകുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. അവർ അക്കൗണ്ട് തുറന്നാൽ പ്രശ്നമില്ല. തിരുത്തൽ ശക്തിയായി ഉണ്ടാകും. തിരുവനന്തപുരം ജില്ലയിലാവും ജയമെന്ന് അദേഹം കൂട്ടിച്ചേർത്തു.
വി ഡി സതീശൻ വന വാസത്തിന് പോകരുത് എന്ന് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. വി ഡി സതീശനുമായി വഴക്ക് ഇല്ല. സതീശൻ കൊള്ളാവുന്ന രാഷ്ട്രീയനേതാവാണെന്ന് വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. വി ഡി സതീശന് മുസ്ലീം ലീഗ് പിന്തുണ നൽകിയതിലും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. കോൺഗ്രസിലെ ഹൈക്കമാൻഡ് ഇല്ലേയെന്ന് ചോദിച്ച അദേഹം പാണക്കാട് ആണ് കോൺഗ്രസിന്റെ ഹൈക്കമാൻഡ് ആകുന്നുവെന്ന് വിമർശിച്ചു. ലീഗ് നേതാക്കൾ പറഞ്ഞത് തീരെ ശരിയല്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.