കുടിശ്ശിക നൽകിയില്ല; കേരളത്തിലെ എഐ ക്യാമറകളുടെ പ്രവർത്തനം പൂർണ്ണമായി നിലച്ചു: ഇന്റർനെറ്റ് വിച്ഛേദിച്ച് ജിയോ
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള മോട്ടോർ വാഹന വകുപ്പിന്റെ എഐ (കൃത്രിമബുദ്ധി) ക്യാമറകളുടെ പ്രവർത്തനം പൂർണ്ണമായി തടസ്സപ്പെട്ടു. പദ്ധതിയുടെ ഇന്റർനെറ്റ് സേവന ദാതാക്കളായ റിലയൻസ് ജിയോ കമ്പനിക്ക് വലിയ തുക കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ച് ജിയോ സേവനം അവസാനിപ്പിച്ചത്.
ക്യാമറകളുടെ ചുമതലയുള്ള കെൽട്രോൺ ആണ് ജിയോയ്ക്ക് പണം നൽകാനുണ്ടായിരുന്നത്. സംസ്ഥാന സർക്കാരിൽ നിന്ന് കെൽട്രോണിന് ലഭിക്കാനുള്ള 90 കോടിയിലധികം രൂപയുടെ കുടിശ്ശിക വൈകുന്നതാണ് ഇന്റർനെറ്റ് കമ്പനിക്കുള്ള തുക കൈമാറുന്നതിന് തടസ്സമായതെന്നാണ് വിവരം.
ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിക്കപ്പെട്ടതോടെ ക്യാമറകളിൽ പതിയുന്ന ചിത്രങ്ങളും ദൃശ്യങ്ങളും കൺട്രോൾ റൂമുകളിലേക്ക് എത്താതായിട്ടുണ്ട്. ഇതോടെ, റോഡുകളിൽ പുതുതായി നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് തത്സമയം പിഴ ചുമത്താൻ സാധിക്കാത്ത വലിയ പ്രതിസന്ധിയിലാണ് മോട്ടോർ വാഹന വകുപ്പ്. 2023 ഏപ്രിൽ മാസത്തിലാണ് വലിയ അവകാശവാദങ്ങളോടെ സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനമാരംഭിച്ചത്.