{"vars":{"id": "89527:4990"}}

വിശദീകരണം തൃപ്തികരം; പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പത്രിക സ്വീകരിച്ചു
 

 

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. പത്രികയിൽ യഥാർഥ വരുമാനം കാണിച്ചില്ലെന്നും വിവരങ്ങൾ മറച്ചുവെച്ചെന്നും ആരോപിച്ച് എൽഡിഎഫും എൻഡിഎയും നൽകിയ പരാതികൾ വരണാധികാരി തള്ളി. സതീശൻ നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് കണ്ടാണ് പത്രിക സ്വീകരിച്ചത്

സൂക്ഷ്മപരിശോധനക്ക് മുമ്പായി എൽഡിഎഫ് സ്ഥാനാർഥി ടൈസൺ മാസ്റ്ററും എൻഡിഎ നേതാക്കളുമാണ് പരാതി നൽകിയത്. അഭിഭാഷകൻ എന്ന നിലയിലുള്ള വരുമാനം പത്രികയിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല, സതീശന്റെ ഔദ്യോഗിക വാഹനത്തിന് മേലുള്ള ട്രാഫിക് പിഴകളുടെ വിവരങ്ങളും കുടിശ്ശികയും പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കൈവശമുള്ള സ്വർണത്തിന്റെ വിപണി മൂല്യം കൃത്യമായി വിശദമാക്കിയില്ല എന്നിവയായിരുന്നു പരാതിയിൽ പറഞ്ഞത്

എന്നാൽ ആരോപണങ്ങൾ നിസാരവും രാഷ്ട്രീയപ്രേരിതവുമാണെന്നാണ് യുഡിഎഫ് പ്രതികരിച്ചത്. വൈകിട്ട് മൂന്ന് മണിക്ക് നടന്ന സൂക്ഷ്മപരിശോധനയിൽ സതീശന്റെ അഭിഭാഷകർ കൃത്യമായ രേഖകളും വിശദീകരണവും ഹാജരാക്കി. ഇത് പരിശോധിച്ച വരണാധികാരി പരാതികളിൽ കഴമ്പില്ലെന്ന് കണ്ട് പത്രിക സ്വീകരിക്കുകയായിരുന്നു.