വിശ്വനാഥനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് കുടുംബം; ഡോക്ടർക്കെതിരെയും ആരോപണം
 

 

കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്ത് ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് തള്ളി മരിച്ച വിശ്വനാഥന്റെ കുടുംബം. വിശ്വനാഥന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളില്ലെന്നത് കള്ളമാണ്. ശരീരത്തിൽ പലയിടത്തും മുറിവുകളുണ്ടെന്ന് മൃതദേഹത്തിന്റെ ഫോട്ടോകൾ നിരത്തി സഹോദരങ്ങൾ പറഞ്ഞു

പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറെ സസ്‌പെൻഡ് ചെയ്യണം. ഇത്രയും പരുക്കുകൾ ഉണ്ടായിട്ട് പിന്നെ പരുക്കുകളില്ലെന്ന് പറഞ്ഞ അയാളെ ആദ്യം പിടികൂടണം. നടന്നത് ആൾക്കൂട്ട മർദനമാണെന്നും വിശ്വനാഥന്റെ കുടുംബം ആരോപിച്ചു. 

അനിയൻ മദ്യം കഴിച്ചിട്ടില്ല. അവന് മരത്തിൽ കയറാൻ അറിയില്ല. പിന്നെങ്ങനെയാണ് ഇത്രയും പൊക്കമുള്ള മരത്തിൽ വലിഞ്ഞുകയറി ആത്മഹത്യ ചെയ്യുന്നതെന്നും വിശ്വനാഥിന്റെ സഹോദരങ്ങൾ ചോദിക്കുന്നു. അവന്റ നെഞ്ച് പൊട്ടി രക്തം വന്നിട്ടുണ്ട്. പല്ലുകൾ ഇടിച്ചു പൊട്ടിച്ചിട്ടുണ്ട്. പുറത്തും മുറിവുകളുണ്ട്. പോലീസോ അല്ലെങ്കിൽ അവിടെയുണ്ടായിരുന്ന ആൾക്കൂട്ടമോ ചെയ്തതാണെന്ന് ഉറപ്പാണെന്നും ഇവർ ആരോപിച്ചു. 

മകനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് വിശ്വനാഥന്റെ അമ്മയും ആരോപിച്ചു. എട്ട് വർഷത്തിന് ശേഷമാണ് ഒരു കുഞ്ഞുണ്ടായിരിക്കുന്നത്. ചെറിയ എന്തെങ്കിലും കാരണമായിരുന്നുവെങ്കിൽ പോലും അവനൊരിക്കലും ആത്മഹത്യ ചെയ്യില്ല. വലിയ സന്തോഷത്തിലായിരുന്നു അവനും ഭാര്യയും. ഭാര്യയുടെ പ്രസവത്തിന് വേണ്ടിയാണ് മെഡിക്കൽ കോളജിൽ എത്തിയത്. കുഞ്ഞിനെ കണ്ട ശേഷം വലിയ സന്തോഷത്തിലായിരുന്നു. ഇതിനിടെ പോയി തൂങ്ങിമരിച്ചു എന്നത് വിശ്വസിക്കാനാകുന്നില്ലെന്നും അമ്മ പറഞ്ഞു.