{"vars":{"id": "89527:4990"}}

മകന് ജാതി തിരിച്ചറിയാത്ത പേര് വേണമെന്ന് അച്ഛൻ ആഗ്രഹിച്ചു; ജീവിതത്തിലും വെള്ളിത്തിരയിലും വിപ്ലവം തീർത്ത സലിംകുമാർ

 

ചിരിപടർത്തിയ 30 വർഷം നീണ്ട അഭിനയജീവിതത്തിൽ മനസിനെ പിടിച്ചുലക്കുന്ന ഒരു പിടി കഥാപാത്രങ്ങൾക്കു സലീം കുമാർ ജീവൻ നൽകി. വെള്ളിത്തിരയിൽ മാത്രമല്ല ജീവിതത്തിലും അദേഹം വ്യത്യസ്തത പുലർത്തിയിരുന്നു. തന്റെ പേരിലെ കൗതുകം പല വേദികളിലും ചർച്ച ചെയ്യപ്പെട്ടു. അച്ഛൻ ഗംഗാധരൻ സാമൂഹ്യപരിഷ്‌കർത്താവായിരുന്ന സഹോദരൻ അയ്യപ്പന്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നതിനാൽ ജാതി തിരിച്ചറിയാത്ത ഒരു പേര് വേണമെന്ന ആഗ്രഹത്തിലാണ് സലിം എന്ന പേരിലേക്ക് എത്തിയത്.

പിന്നീട് സ്‌കൂളിൽ ചേർത്തപ്പോൾ ഉണ്ടായ ആശയക്കുഴപ്പം ഒഴിവാക്കാനാണ് ‘കുമാർ’ കൂടി ചേർത്തത്. മാല്യങ്കര എസ്.എൻ.എം. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1969 ഒക്ടോബർ 9-ന് എറണാകുളത്തെ വടക്കൻ പറവൂരിൽ ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ മകനായാണ് സലിം കുമാറിന്റെ ജനനം.

മിമിക്രി ട്രൂപ്പായ കൊച്ചിൻ കലാഭവനിലൂടെയാണ് സലിം കുമാർ കലാരംഗത്ത് സജീവമാകുന്നത്. ടെലിവിഷൻ പരിപാടികളിലെ മിമിക്രി പ്രകടനങ്ങൾ അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. വെള്ളിത്തിരയിലേക്ക് കടന്ന സലിം കുമാർ വാക്ചാതുരി കൊണ്ടും സവിശേഷമായ ശരീരഭാഷ കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങൾക്കാണ് ജീവൻ പകർന്നത്.

1996-ൽ റിലീസ് ചെയ്ത സിദ്ധിക് ഷമീറിന്റെ ‘ഇഷ്ടമാണ് നൂറുവട്ടം ആണ് ആദ്യ സിനിമ. റാഫി- മെക്കാർട്ടിൻ ടീമിന്റെ തെങ്കാശിപ്പട്ടണം ഹിറ്റായതോടെ സലിം കുമാറിന് തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല. ആദാമിന്റെ മകൻ അബുവിലെ അഭിനയത്തിന് രണ്ടാമത്തെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചതോടെ കോമഡി നടൻ എന്ന ലേബൽ മാത്രല്ല തനിക്ക് ചേരുന്നത് തെളിയിച്ചു. ആദാമിന്റെ മകൻ അബുവിലെ വൃദ്ധനായ അത്തർ വിൽപ്പനക്കാരന്റെ വേഷം 2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഊട്ടിഉറപ്പിച്ചു.