പരാതിയൊന്നുമില്ലാതെ അഞ്ചാം വർഷവും സിനിമാ അവാർഡ് പ്രഖ്യാപിച്ചു; വേടനെ പോലും സ്വീകരിച്ചെന്ന് മന്ത്രി
പരാതിയില്ലാതെ അഞ്ചാമതും സംസ്ഥാന ചലചിത്ര അവാർഡ് പ്രഖ്യാപിച്ചുവെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. കയ്യടി മാത്രമേയുള്ളൂവെന്നും പരാതികളില്ലെന്നും മന്ത്രി പറഞ്ഞു. മമ്മൂട്ടിയെയും മോഹൻലാലിനെയും ആദരിച്ചു. വേടനെ പോലും ഞങ്ങൾ സ്വീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വേടന് പോലും പുരസ്‌കാരം നൽകിയെന്ന പരാമർശത്തെ കുറിച്ച് മന്ത്രി പിന്നീട് വിശദീകരിച്ചു. കേരളത്തിൽ ഗാനരചയിതാക്കളായ നിരവധി പ്രഗത്ഭർ ഉണ്ടായിട്ടും ഗാനരചയിതാവല്ലാത്ത വേടന് മികച്ച ഒരു പാട്ടിന്റെ പേരിൽ പുരസ്‌കാരം നൽകി എന്നതാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി വിശദീകരിച്ചു. പുരസ്‌കാരത്തിന് അർഹമായ ബാലതാരങ്ങളും സിനിമയും ഇത്തവണ ഉണ്ടായിരുന്നില്ല എന്നാണ് ജൂറിയുടെ വിലയിരുത്തൽ.
അതേക്കുറിച്ച് ജൂറി തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സജി ചെറിയാൻ പ്രതികരിച്ചു. കുട്ടികളുടെ നല്ല സിനിമകൾ ഉണ്ടാകാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന നിർദേശം ജൂറി വെച്ചിട്ടുണ്ട്. ഇതിനായി സിനിമയുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കും. ആ പ്രശ്‌നം പരിഹരിക്കും. അടുത്ത അവാർഡ് വരുമ്പോൾ കുട്ടികൾക്ക് അവാർഡ് ഉണ്ടാകുമെന്നും സജി ചെറിയാൻ പറഞ്ഞു.