{"vars":{"id": "89527:4990"}}

കേരളത്തിലെ ആദ്യ സന്യാസിനി; മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ടവള്‍

 

കേരളത്തിലെ ആദ്യ സന്യാസിനി സഭാ സ്ഥാപക മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയില്‍. മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി മലേഷ്യയിലെ പെനാങ്ങ് രൂപതയുടെ മെത്രാന്‍ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവള്‍ ആയി പ്രഖ്യാപിച്ചു. എറണാകുളം വല്ലാര്‍പാടം ബസിലിക്കയിലായിരുന്നു ചടങ്ങുകള്‍. കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് തിരുസ്വരൂപം അനാവരണം ചെയ്തു. ജൂലൈ 18 വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ തിരുന്നാളായി സഭ ഇനി മുതല്‍ ആചരിക്കും. മരിച്ച് 112 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വാഴ്ത്തപ്പെട്ട ഗണത്തിലേക്ക് മദര്‍ ഏലീശ്വ ഉയര്‍ത്തപ്പെട്ടത്.

മദര്‍ ഏലീശ്വയുടെ മധ്യസ്ഥതയില്‍ സംഭവിച്ച അത്ഭുതം മാര്‍പാപ്പ അംഗീകരിച്ചതിനു ശേഷമാണ് വിശുദ്ധരുടെ നാമകരണത്തിനായുള്ള നടപടികള്‍ തിരുസംഘം പൂര്‍ത്തിയാക്കിയത്. പ്രഖ്യാപനത്തില്‍ മാര്‍പാപ്പ ഒപ്പുവച്ചതോടെയാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്. ദിവ്യബലിക്കിടെ ലിയോ പതിനാലാം മാര്‍പാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപത മെത്രാന്‍ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മുഖ്യ കാര്‍മീകത്വത്തിലായിരുന്നു ചടങ്ങുകള്‍.

വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ധന്യ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തി. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്‌തോലിക പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നല്‍കി. മദറിന്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു.

1866 ഫെബ്രുവരി 13ന് കൂനമ്മാവില്‍ കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭ സ്ഥാപിക്കുകയും കേരളസഭയില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്ക് സ്‌കൂളും ബോര്‍ഡിംങ്ങും അനാഥമന്ദിരവും ആരംഭിച്ച് സ്ത്രീശാക്തീകരണത്തിന് തുടക്കം കുറിച്ച ആളാണ് മദര്‍ ഏലീശ്വ. പിന്നീട് 1890 ല്‍ രണ്ട് സന്യാസിനി സഭകള്‍ക്കും രൂപം നല്‍കി. 1913 ജൂലൈ മാസം 18 നാണ് മദര്‍ ഏലിശ്വ മരിക്കുന്നത്.