മുന്നണി വിപുലീകരിക്കും; കോൺഗ്രസ് ഇതുവരെ ആരുടെയും പിന്നാലെ നടന്നിട്ടില്ലെന്ന് സതീശൻ
യുഡിഎഫ് എന്നാൽ വെറും ചില രാഷ്ട്രീയ പാർട്ടികളുടെ മുന്നണി മാത്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങൾ നൽകുന്ന, വളരെ വിപുലമായ വലിയ പൊളിറ്റിക്കൽ പ്ലാറ്റ്‌ഫോം ആയി യുഡിഎഫ് മാറുകയാണ്. യുഡിഎഫിനെ ചെറുതായി കണ്ട പലരുടെയും കണക്കുകൂട്ടലുകൾ തെറ്റാൻ കാരണം ഈ പൊളിറ്റിക്കൽ പ്ലാറ്റ്‌ഫോം എന്താണെന്ന് അവർക്ക് ബോധ്യമാകാത്തത് കൊണ്ടാണ്.
രണ്ടും രണ്ടും പലപ്പോഴും നാലാകില്ല. പല കണക്കുകൂട്ടലുകാരുടെയും കണക്കുകൾ അതുകൊണ്ടാണ് തെറ്റുന്നതെന്നും സതീശൻ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ യുഡിഎഫിന്റെ അടിത്തറ ഒന്നുകൂടി വിപുലീകരിക്കുമെന്നും നിലവിലുള്ളതിനേക്കാൾ ശക്തമായ യുഡിഎഫ് ആയിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് അദ്ദേഹം പറഞ്ഞു.
മുന്നണിയുടെ അടിത്തറ പലതരത്തിൽ പല രീതിയിലായിരിക്കും വിപുലീകരിക്കപ്പെടുന്നത്. ഇതിൽ ചിലപ്പോൾ എൽഡിഎഫിലെ ഘടകകക്ഷികൾ ഉണ്ടാകാം, എൻഡിഎയിലെ ഘടകകക്ഷികൾ ഉണ്ടാകാം. എന്നാൽ ഈ വിപുലീകരണത്തെ കുറിച്ചുള്ള കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തിയാൽ അതിന്റെ സസ്‌പെൻസ് നഷ്ടപ്പെടുമെന്നും അതിനാൽ കാത്തിരുന്ന് കാണുമെന്നും സതീശൻ പറഞ്ഞു.
നിലവിൽ ആരുമായും ചർച്ചയൊന്നും നടക്കുന്നില്ല. കോൺഗ്രസ് ആരുടെയും പിന്നാലെ നടക്കുകയോ ക്ഷണിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും സതീശൻ പറഞ്ഞു