രാഹുൽ മാങ്കൂട്ടത്തിലും ഷാഫിയും ചെയ്ത നല്ല കാര്യങ്ങൾ തുടരും; മുഖ്യ എതിരാളി ബിജെപി: രമേഷ് പിഷാരടി
കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാനുള്ള അവസരം ഭാഗ്യമായി കാണുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. പാർട്ടി നൽകിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ജന്മനാടായ പാലക്കാട് മത്സരിക്കാൻ കഴിയുന്നതിൽ അതീവ സന്തോഷമുണ്ടെന്നും രമേശ് പിഷാരടി പറഞ്ഞു
പാലക്കാട് നിൽക്കണമെന്നാണ് പാർട്ടി ആവശ്യപ്പെട്ടത്. തീരുമാനം ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ചെയ്തത്. ജനങ്ങളെ നേരിട്ട് കണ്ടുകൊണ്ടുള്ള പ്രചാരണം തന്നെയാകും പാലക്കാട് നടത്തുക. മുമ്പിരുന്ന എംഎൽഎമാരായ ഷാഫിയും രാഹുലും കൊണ്ടുവന്ന നല്ല കാര്യങ്ങളുടെ തുടർച്ചയുണ്ടാക്കുകയാണ് ലക്ഷ്യം.
രാഹുൽ മാങ്കൂട്ടത്തിലിനെ താൻ പിന്തുണച്ചു എന്നത് ഹെഡിംഗ് മാത്രമാണ്. തെറ്റുകാരനാണെങ്കിൽ വിധി വരും. അത് അനുകൂലമായാലും പ്രതികൂലമായാലും രാഹുൽ അനുഭവിക്കണം. രാഹുൽ ചെയ്ത നല്ല കാര്യങ്ങളെ പിന്തുണക്കുകയും നല്ലതെല്ലാം ഏറ്റെടുക്കുകയും ചെയ്യും
പാലക്കാട് മുഖ്യ എതിരാളി ബിജെപിയാണെന്ന് രമേഷ് പിഷാരടി പറഞ്ഞു. മമ്മൂക്ക മുൻപ് വിളിച്ചിരുന്നു. അനുഗ്രഹം വാങ്ങിയെന്നും വേണ്ട നിർദേശങ്ങൾ നൽകിയെന്നും അദേഹം പറഞ്ഞു. വിജയിച്ചാൽ മമ്മൂക്ക പാലക്കാട് എത്തുമെന്ന് രമേഷ് കൂട്ടിച്ചേർത്തു. നിർബന്ധിച്ച് സിനിമ മേഖലയിലെ ആരെയും പ്രചാരണത്തിന് കൊണ്ടു വരില്ലെന്നും അദേഹം പറഞ്ഞു.