ഹരിതകര്‍മ സേനയ്ക്ക് ഇനി പച്ചയില്ല, പകരം ‘കാവി’;പുതിയ യൂണിഫോം വിതരണം ചെയ്ത് തിരുവനന്തപുരം കോർപ്പറേഷൻ
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വീടുകൾ തോറുമെത്തി മാലിന്യശേഖരണം നടത്തുന്ന ഹരിതകര്‍മ സേനാംഗങ്ങളുടെ പരമ്പരാഗതമായ പച്ച യൂണിഫോം മാറ്റി പകരം കാവി നിറത്തിലുള്ള പുതിയ യൂണിഫോം വിതരണം ചെയ്ത് തിരുവനന്തപുരം കോർപ്പറേഷൻ. ബിജെപി ഭരണസമിതിയുടെ പുതിയ തീരുമാനം ഇതിനോടകം തന്നെ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
2017-ൽ ഹരിതകേരളം മിഷന്റെ കീഴിൽ ഹരിതകര്‍മ സേന രൂപീകരിച്ചതു മുതൽ 'പച്ച' കോട്ടുകളായിരുന്നു ഇവരുടെ ഔദ്യോഗിക അടയാളം. എന്നാൽ, ബിജെപി ഭരണത്തിന് കീഴിലുള്ള കോർപ്പറേഷൻ പച്ചനിറം പൂർണ്ണമായും ഒഴിവാക്കി കാവി നിറത്തോട് സമാനമായ കോട്ടുകളാണ് സേനാംഗങ്ങൾക്ക് നൽകിയിരിക്കുന്നത്. കാവി കോട്ടിനൊപ്പം മഞ്ഞ ഹെൽമെറ്റ്, കറുത്ത ഷൂ, ഗ്ലൗസ്, റെയിൻകോട്ട് എന്നിവയും സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്.
വർഷങ്ങളായി തങ്ങൾ ധരിച്ചു ശീലിച്ച നിറം മാറ്റുന്നതിൽ ഒരു വിഭാഗം ജീവനക്കാർക്ക് അതൃപ്തിയുണ്ട്. ചിലർ പുതിയ യൂണിഫോം കൈപ്പറ്റാൻ വിസമ്മതിച്ചെങ്കിലും മേലധികാരികളുടെ കർശന നിർദ്ദേശത്തെ തുടർന്ന് വാങ്ങുകയായിരുന്നു. പുതിയ വസ്ത്രം ധരിക്കാൻ മനസ്സില്ലാതെ ബാഗിൽ സൂക്ഷിക്കുന്നവരും, ഇതിനോടകം തന്നെ പുതിയ യൂണിഫോമിലേക്ക് മാറിയവരും സേനയിലുണ്ട്.
വിശദീകരണവുമായി മേയർ:
തുടർവിവാദങ്ങളോട് പ്രതികരിച്ച മേയർ വി.വി. രാജേഷ്, പ്രതിഫലനശേഷി (visibility) കൂടുതലുള്ളതിനാലാണ് ഈ നിറം തിരഞ്ഞെടുത്തതെന്നും തീരുമാനം കേന്ദ്ര സർക്കാരിന്റേതാണെന്നും വ്യക്തമാക്കി. ഏതായാലും വരും ദിവസങ്ങളിൽ തിരുവനന്തപുരത്തെ വീടുകളിൽ മാലിന്യം ശേഖരിക്കാൻ പച്ചയോ കാവിയോ അണിഞ്ഞ ഹരിതകര്‍മ സേനാംഗങ്ങളാകും എത്തുക.