അരിക്കൊമ്പനെ മാറ്റാൻ മറ്റൊരു സ്ഥലം കണ്ടെത്തുന്നതിന് സർക്കാരിന് ഹൈക്കോടതി സമയം അനുവദിച്ചു
 

 

അരിക്കൊമ്പനെ പിടികൂടി മാറ്റുന്നത് സംബന്ധിച്ച ഹർജിയിൽ സർക്കാർ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റുന്നതിന് പറമ്പിക്കുളത്തിന് പകരം സ്ഥലം കണ്ടെത്താൻ കോടതി കൂടുതൽ സമയം അനുവദിച്ചു. സ്ഥലം കണ്ടെത്തുംവരെ അരിക്കൊമ്പനെ നിരീക്ഷിക്കണമെന്ന് കോടതി നിർദേശിച്ചു. 

ഇടുക്കിക്ക് പുറമെ വയനാട്ടിലും പാലക്കാടും ദൗത്യ സംഘം വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം പഠിക്കുകയാണ് ദൗത്യസംഘത്തിന്റെ ചുമതല. പറമ്പിക്കുളത്തിന് പകരം യോജിച്ച മറ്റൊരു ഇടത്തേക്ക് അരിക്കൊമ്പനെ മാറ്റണമെങ്കിൽ ഒരാഴ്ചക്കുള്ളിൽ സ്ഥലം നിശ്ചയിക്കാനാണ് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ സ്ഥലം കണ്ടെത്താനായില്ലെങ്കിൽ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള മുൻ ഉത്തരവ് നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി