ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ സംഭവം; ഷൈൻ ലഹരി ഉപയോഗിച്ചതിന് തെളിവില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്
നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ ലഹരി കേസിൽ പോലീസിന് തിരിച്ചടി. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയിക്കാനായില്ല. ഹോട്ടൽ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചെന്നാണ് കേസ്. ഡാൻസാഫ് പരിശോധനക്കിടെ ഷൈൻ ഹോട്ടൽ മുറിയിൽ നിന്നിറങ്ങി ഓടിയത് വിവാദമായിരുന്നു
ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നുവിത്. പിന്നാലെ ഷൈനിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈനിന് ബന്ധമില്ലെന്ന് നേരത്തെ എക്‌സൈസ് വ്യക്തമാക്കിയിരുന്നു. പിടിയിലായ തസ്ലീമയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ഷൈനിനെ വിളിച്ചുവരുത്തിയിരുന്നു
താൻ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും മെത്തഫെറ്റമിനാണ് ഉപയോഗിച്ചിട്ടുള്ളതെന്നുമാണ് ഷൈൻ അന്ന് മൊഴി നൽകിയത്. ലഹരി വിമുക്തിക്കായി ഷൂട്ടിംഗ് വരെ മാറ്റിവെച്ച് ഡി അഡിക്ഷൻ സെന്ററിലാണെന്നും ലഹരി ഇടപാടുകളില്ലെന്നും ഷൈൻ മൊഴി നൽകിയിരുന്നു.