പൊലീസ് അസോസിയേഷൻ ഭാരവാഹികളുടെ സ്ഥലംമാറ്റം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു; സർക്കാരിന് വൻ തിരിച്ചടി
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് അസോസിയേഷൻ ഭാരവാഹികളെ കൂട്ടത്തോടെ സ്ഥലംമാറ്റിയ സർക്കാർ നടപടിക്ക് തിരിച്ചടി. തിരുവനന്തപുരം റൂറൽ എസ്പി ഓഫിസിലെ ജീവനക്കാർ ഉൾപ്പെടെ 25 പേരുടെ സ്ഥലം മാറ്റം അടങ്ങിയ ഉത്തരവ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ (KAT) പൂർണമായും സ്റ്റേ ചെയ്തു.
പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ആഭ്യന്തര വകുപ്പ് സ്വീകരിച്ച പ്രധാന അഴിച്ചുപണി നടപടികളിൽ ഒന്നായിരുന്നു ഈ കൂട്ടസ്ഥലംമാറ്റം. ഉത്തരവിനെതിരെ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജ്യോതിഷ് ഉൾപ്പെടെ നാല് ഭാരവാഹികളാണ് ട്രിബ്യൂണലിനെ സമീപിച്ചത്. തങ്ങൾ സ്ഥലംമാറ്റത്തിന് തയാറാണെന്നും എന്നാൽ വളരെ ദൂരെയുള്ള സ്റ്റേഷനുകളിലേക്കുള്ള പ്രതികാരബുദ്ധിയോടെയുള്ള മാറ്റം ഒഴിവാക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഹർജി പരിഗണിച്ച ട്രിബ്യൂണൽ, 25 പേരുടെയും സ്ഥലംമാറ്റ ഉത്തരവ് താൽക്കാലികമായി മരവിപ്പിക്കുകയായിരുന്നു.
ഇടത് അനുകൂല സംഘടനകളുടെ നേതാക്കൾക്കെതിരെ ആഭ്യന്തര വകുപ്പ് തുടക്കമിട്ട കൂട്ടസ്ഥലംമാറ്റ നടപടികൾക്ക് ട്രിബ്യൂണലിന്റെ ഈ ഇടപെടൽ വലിയൊരു തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത്, ജനറൽ സെക്രട്ടറി സി.ആർ. ബിജു എന്നിവരെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റിക്കൊണ്ട് ഡിജിപി പുറപ്പെടുവിച്ച പ്രത്യേക ഉത്തരവുകളിൽ നിലവിൽ മാറ്റമൊന്നുമില്ല.