കേരളാ പോലീസ് സംഘം ഇന്നുച്ചയോടെ വിശാഖപട്ടണത്ത് എത്തും; 13കാരിയെ നാട്ടിലേക്ക് തിരികെ കൊണ്ടുവരും
Aug 23, 2024, 08:18 IST
കഴക്കൂട്ടത്ത് നിന്ന് കാണാതായി 37 മണിക്കൂറിന് ശേഷം വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയ അസം സ്വദേശിനിയായ 13കാരിയെ ഇന്ന് കേരളാ പോലീസിന് കൈമാറും. കുട്ടി നിലവിൽ വിശാഖപട്ടണം ആർപിഎഫിന്റെ കസ്റ്റഡിയിലാണ്. കുട്ടിയെ തിരികെ കൊണ്ടുവരാനായി തിരിച്ച കഴക്കൂട്ടം എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നുച്ചയോടെ വിശാഖപട്ടണത്ത് എത്തിച്ചേരും നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കുട്ടിയെ കേരളാ പോലീസിന് കൈമാറി തിരുവനന്തപുരത്ത് എത്തിക്കും. വിമാനം വഴി കുട്ടിയെ തിരികെ എത്തിക്കുന്ന കാര്യത്തിനാണ് മുൻഗണന. ഇതിനായി സർക്കാരിന്റെ അനുമതി ആവശ്യമാണ്. ഇതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ പ്രവർത്തകരാണ് ട്രെയിനുള്ളിൽ കിടന്നുറങ്ങുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത് അസമിലെത്തി മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് കുട്ടിയുടെ ആഗ്രഹം. വീട്ടിൽ ഉപദ്രവം തുടർന്നതിനാലാണ് വീടുവിട്ടിറങ്ങിയതെന്നും കുട്ടി പറഞ്ഞു. അതേസമയം മകളെ കണ്ടെത്താൻ സഹായിച്ചതിൽ പോലീസിനോടും കേരളത്തിലെ ആളുകളോടും നന്ദിയുണ്ടെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.