ദി കേരള സ്‌റ്റോറി: സിനിമ യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് പറയാൻ മലയാളികൾക്ക് അവകാശമുണ്ട്
 

 

ദി കേരള സ്റ്റോറിക്കെതിരെ കോൺഗ്രസ് എം.പി ശശി തരൂർ. അത് നിങ്ങളുടെ കേരളത്തിന്റെ കഥയായിരിക്കാം, ഞങ്ങളുടെ കേരളത്തിന്റെ കഥയല്ലെന്ന് അദ്ദേഹം ഞായറാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്തുകയാണെന്ന് പറഞ്ഞാണ് പുതിയ ട്വീറ്റ്.

സിനിമ നിരോധിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നില്ല. ഉള്ളടക്കം ദുരുയോഗം ചെയ്യപ്പെടുമെന്നതുകൊണ്ട് മാത്രം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വിലയില്ലാത്തതായി തീരുന്നില്ല. എന്നാൽ ഇതിന് യാഥാർഥ്യവുമായി ബന്ധവുമില്ലെന്ന് ഉറക്കെ പറയാൻ എല്ലാ അവകാശവും കേരളീയർക്കുണ്ട്. തരൂർ ട്വീറ്റ് ചെയ്തു.

സംസ്ഥാനത്ത് നിന്ന് 32,000 പെൺകുട്ടികൾ കാണാതാകുകയും പിന്നീട് ഭീകര സംഘടനയായ ഐ.എസിൽ ചേരുകയും ചെയ്തുവെന്നാണ് ചിത്രം പറയുന്നത്. സുദീപ്‌തോ സെൻ സംവിധാനം ചെയ്ത് വിപുൽ അമൃത്ലാൽ ഷാ നിർമിച്ച ചിത്രം 2023 മെയ് 5 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.