ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസിലെ പുനഃപരിശോധനാ ഹർജി ലോകായുക്ത തള്ളി
 

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയെന്ന കേസിൽ പുനഃപരിശോധനാ ഹർജി ലോകായുക്ത തള്ളി. നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. പരാതിക്കാരനായ ആർ എസ് ശശികുമാർ സമർപ്പിച്ച റിവ്യു പെറ്റീഷനാണ് ലോകായുക്തയുടെ രണ്ടംഗ ബെഞ്ച് തള്ളിയത്.

ആരെയെങ്കിലും പേടിച്ച് ഉത്തരവ് എഴുതുകയോ എഴുതാതിരിക്കുകയോ ചെയ്യുന്ന ആളുകളല്ല തങ്ങളെന്ന് ഹർജി തള്ളിക്കൊണ്ട് ലോകായുക്ത പറഞ്ഞു. ഹർജിക്കാരൻ വിമർശിച്ചെന്ന് കരുതി അത് കേസിനെ ബാധിക്കില്ല. മൈക്ക് കെട്ടി പ്രസംഗിക്കാൻ ജഡ്ജിമാർക്ക് കഴിയില്ലെന്നും ലോകായുക്ത പറഞ്ഞു

കേസ് മൂന്നംഗ ബെഞ്ചിന് വിടാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് പുനഃപരിശോധന ഹർജി നൽകിയത്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പരാതിക്കാരനെതിരെ രൂക്ഷ വിമർശനമാണ് ലോകായുക്തയിൽ നിന്നുണ്ടായത്.