പാർട്ടി നിരോധിക്കണമെന്ന ഹർജി തള്ളണം; സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലവുമായി ലീഗ്
 

 

പാർട്ടിയെ നിരോധിക്കണമെന്ന ഹർജി തള്ളണമെന്ന് മുസ്ലിം ലീഗ്. കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയിലാണ് ലീഗിന്റെ എതിർ സത്യവാങ്മൂലം. സുപ്രീം കോടതിയിൽ പി കെ കുഞ്ഞാലിക്കുട്ടിയാണ് സത്യവാങ്മൂലം ഫയൽ ചെയ്തത്. 

ഹിന്ദു, ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട നൂറിലധികം ജനപ്രതിനിധികൾ ലീഗിൽ ഉണ്ടെന്നും കേരളത്തിൽ സംസ്‌കൃത സർവകലാശാല ആരംഭിച്ചത് ഇ ടി മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോഴാണ് എന്നൊക്കെ എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. നേരത്തെ ലീഗിനോട് സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു. രേഖാമൂലം അഭിപ്രായം അറിയിക്കാനാണ് ആവശ്യപ്പെട്ടത്

മുസ്ലിം ലീഗ്, എഐഎംഐഎം അടക്കമുള്ള പാർട്ടികൾക്കെതിരെ സയ്യിദ് വസീം റിസ്വിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. മതപേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.