{"vars":{"id": "89527:4990"}}

മദ്യത്തിന് വില കുറഞ്ഞു; അതും 43 ബ്രാൻഡുകള്‍ക്ക്: പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ

 

സംസ്ഥാനത്ത് വിറ്റഴിക്കുന്ന 43 ബ്രാൻഡ് മദ്യങ്ങളുടെ വില കുറച്ച് മദ്യകമ്പനികൾ. പത്ത് മുതൽ അൻപത് ശതമാനം വരെയാണ് വില കുറഞ്ഞത്. കൂടുതൽ ആവശ്യക്കാരുള്ള ബ്രാൻഡുകൾക്ക് ഉൾപ്പെടെ വില കുറഞ്ഞിട്ടുണ്ട്. വിദേശ നിർമിത മദ്യങ്ങളിൽ ചില ബ്രാൻഡുകളുടെ വിൽപ്പന കാര്യമായി ഇടിഞ്ഞ സാഹചര്യത്തിലാണ് സ്വകാര്യ കമ്പനികളുടെ നീക്കം.

വില കുറയ്ക്കുന്നത് സംബന്ധിച്ച് ആറ് മാസം മുൻപ് മദ്യക്കമ്പനി പ്രതിനിധികളും ബവ്കോയും തമ്മിൽ ചർച്ച ചെയ്ത് ധാരണയിലെത്തിയിരുന്നു. ബവ്കോ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ വിലക്കുറവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 13 ബ്രാൻഡ് മദ്യത്തിന് കൂടി ഒരാഴ്ചയ്ക്കുള്ളിൽ വില കുറയുമെന്നാണ് വിവരം. അതേസമയം, സർക്കാരിന്‍റെ ജവാൻ ഉൾപ്പെടെയുള്ള മദ്യത്തിന് നിലവിലെ വിലയിൽ മാറ്റമില്ല

അതേസമയം, ജവാൻ കിട്ടാനില്ലെന്നാണ് റിപ്പോര്‍ട്ട്. 80 ശതമാനത്തിലേറെ ബവ്കോ വിൽപ്പന കേന്ദ്രങ്ങളിലും സർക്കാരിന്റെ മദ്യം ഔട്ട് ഓഫ് സ്‌റ്റോക്കാണ്. തലസ്ഥാന ജില്ലയിലെ ചില കടകളിൽ മാത്രമാണ് ജവാനുള്ളത്. അതും 490 രൂപയുടെ ഫുൾ ബോട്ടിൽ മാത്രം. കൂടുതൽ ആവശ്യക്കാരുള്ള 630 രൂപയുടെ ലീറ്റർ ബോട്ടിൽ കിട്ടാനേയില്ല. ജലലഭ്യത കുറവ് ഉൾപ്പെടെയുള്ള കാരണം പറഞ്ഞ് തിരുവല്ലയിലെ പ്ലാന്റില്‍ നിന്നും ഉൽപാദനം പകുതിയിലേറെ കുറച്ചതാണ് മദ്യം കിട്ടാത്ത സ്ഥിതിയെത്തിച്ചത്. അതേസമയം, പാലക്കാട് മേനോൻ പാറയിൽ നിന്നും മിന്നൽ വേഗത്തിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന മിന്നൽ മാജിക് ബ്രാൻഡി മൂന്ന് മാസമായിട്ടും വെളിച്ചം കണ്ടിട്ടില്ല.