എസ്ഡിപിഐ വോട്ട് സ്വീകരിക്കുമോയെന്ന ചോദ്യം; ചിലരുടെ വോട്ട് വേണ്ട എന്ന് പറയില്ല: വി ശിവന്‍കുട്ടി
തിരുവനന്തപുരം: എസ്ഡിപിഐ-സിപിഐഎം ഡീല്‍ ആരോപണങ്ങള്‍ക്കിടെ നേമത്ത് ആരുടേയും വോട്ടുകള്‍ വേണ്ടെന്ന് വെയ്ക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ചിലരുടെ വോട്ട് വേണ്ട എന്ന് പറയാന്‍ കഴിയില്ല. വര്‍ഗീയകക്ഷികളെ അധികാരത്തില്‍ നിന്ന് മാറ്റുകയാണ് പ്രധാനമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക്, ഈ ആളുകള്‍ മാത്രം വോട്ടു ചെയ്താല്‍ മതി എന്നൊന്നും പറയാന്‍ പറ്റില്ല. അത് വോട്ടര്‍മാരാണ് തീരുമാനിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
സിപിഐഎം-എസ്ഡിപിഐ ഡീൽ എന്ന യുഡിഎഫ് ആരോപണം ശക്തമായിരിക്കെയാണ് വി ശിവൻകുട്ടിയുടെ പ്രതികരണം. നേരത്തെ നേമത്ത് ശിവൻകുട്ടിയെ പിന്തുണക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞിരുന്നു.
എസ്ഡിപിഐ ബന്ധം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറായിരുന്നില്ല. എസ്ഡിപിഐയുടെ തെരഞ്ഞെടുപ്പ് നിലപാട് തന്നോടല്ല, അവരോട് ചോദിക്കണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 'വോട്ടിന് വേണ്ടി എല്‍ഡിഎഫിന് അവസരവാദ നിലപാടില്ല. തത്വാധിഷ്ഠിത നിലപാടാണ്. നാടിന് ആപത്തായതിനാലാണ് വര്‍ഗീയതയെ എല്‍ഡിഎഫ് എതിര്‍ക്കുന്നത്. എല്ലാ കാലത്തും വര്‍ഗീയതയുമായി വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. എല്ലാ വര്‍ഗീയതയെയും എല്‍ഡിഎഫും എതിര്‍ക്കും' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
യുഡിഎഫിനെപ്പോലെ വർഗീയ പ്രസ്ഥാനങ്ങളോട് കൂട്ടുകൂടാൻ സിപിഐഎമ്മിനെ കിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കോൺഗ്രസിനെ പവിത്രമാക്കുകയാണ് മാധ്യമങ്ങൾക്ക് വേണ്ടത്. നാട്ടുകാർ ഇത് വിശ്വസിക്കില്ല. മാധ്യമങ്ങൾ പ്രത്യേക അജണ്ടയുമായാണ് വന്നിരിക്കുന്നത്. അത് മാറ്റിവെക്കണമെന്നും എസ്ഡിപിഐയെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.