കനത്ത മഴ: പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
പത്തനംതിട്ടയിലെയും ആലപ്പുഴ ജില്ലയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്റ്റ് 7) അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ. ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിൽ മഴ മാറി നിൽക്കുന്നുണ്ടെങ്കിലും അപ്പർ കുട്ടനാടൻ മേഖലയിൽ നിന്ന് വെള്ളം പൂർണ്ണമായി ഇറങ്ങിയിട്ടില്ല. ക്യാമ്പുകൾ കൂടുതലുള്ളതും തിരുവല്ലയിലാണ്. നദികളിലും ഡാമുകളിലും ജലനിരപ്പ് കാര്യമായി കുറഞ്ഞു. എം സി റോഡ് പോലെ പ്രധാന റോഡുകളിലെ പ്രധാന റോഡുകളിൽ ഗതാഗത തടസ്സവുമില്ല. അതേസമയം മേഖലയിൽ ഉൾപ്പടെ ജാഗ്രത തുടരുകയാണ്.
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുകളുണ്ട്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. ഇത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബാക്കിയിടത്ത് യെല്ലോ അലർട്ടും ഉണ്ട്. നാളെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. കാലാവസ്ഥ മോശമായതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്.