ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം; നിതിൻ രാജിന്‍റെ മരണത്തിൽ കേസെടുത്ത് മനുഷ‍്യാവകാശ കമ്മിഷൻ
Apr 12, 2026, 15:41 IST
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളെജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ സംസ്ഥാന മനുഷ‍്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കൂടാതെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറോട് ആവശ‍്യപ്പെട്ടിരിക്കുന്നത്.
ജാതി- വർണ അധിക്ഷേപമാണ് വിദ‍്യാർഥിയുടെ മരണത്തിനു പിന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. തിരുവനന്തപുരം കൊറ്റാമല സ്വദേശിയായ നിതിനെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയോടെയാണ് കോളെജ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നിതിൻ രാജിന്‍റെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ‍്യപ്പെട്ടിരുന്നു. ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.