{"vars":{"id": "89527:4990"}}

കലക്ടറുടെ റിപ്പോർട്ടിൽ നവീൻ ബാബുവിനെതിരായി ഒന്നുമില്ലെന്ന് റവന്യു മന്ത്രി

 
തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞെന്ന കലക്ടറുടെ മൊഴി റവന്യു വകുപ്പിന് നൽകിയ റിപ്പോർട്ടിൽ പരാമർശിക്കുന്നില്ലെന്ന് മന്ത്രി കെ രാജൻ. നവീൻബാബുവിനെതിരായ ഒന്നും കലക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ഇല്ല. ഒരാൾ പല ഘട്ടത്തിൽ പല മൊഴി നൽകിയിട്ടുണ്ടെങ്കിൽ അത് കോടതി പരിശോധിക്കട്ടെയെന്നും മന്ത്രി പറഞ്ഞു പുതിയ മൊഴിയെ കുറിച്ച് പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. അന്വേഷണം പൂർത്തിയായ ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് മന്ത്രി. നവീൻ ബാബു കൈകാര്യം ചെയ്ത ഫയലിനെ കുറിച്ച് അന്വേഷണം നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി വിധിയിൽ പരാമർശിക്കുന്ന മൊഴി ശരിയാണെന്നായിരുന്നു ജില്ലാ കലക്ടർ അരുൺ കെ വിജയൻ മാധ്യമങ്ങളോട് പറഞ്ഞത്. തെറ്റ് പറ്റിയെന്ന് എഡിഎം നവീൻ ബാബു പറഞ്ഞിട്ടുണ്ടെന്നും തന്റെ മൊഴി പൂർണമായി പുറത്തു വന്നിട്ടില്ലെന്നും കലക്ടർ പ്രതികരിച്ചിരുന്നു.