രണ്ടാം കോവിഡ് വ്യാപനം തടയുന്നതിൽ പോലീസിന്റെ പങ്ക് സ്തുത്യർഹം: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പോലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം തടയുന്നതിനുളള ശ്രമങ്ങളിൽ പോലീസ് വഹിച്ച പങ്ക് സ്തുത്യർഹമാണെന്ന്
 

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പോലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം തടയുന്നതിനുളള ശ്രമങ്ങളിൽ പോലീസ് വഹിച്ച പങ്ക് സ്തുത്യർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ജനസേവനത്തിൽ പോലീസിന്റെ പുതിയ മുഖമാണ് ഈ കാലഘട്ടത്തിൽ കേരളം കണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ, കൺട്രോൾ റൂം, അസിസ്റ്റൻറ് കമ്മീഷണർ ഓഫീസ് എന്നിവയ്ക്കായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം.

എല്ലാ ബുധനാഴ്ചകളിലും പരാതിക്കാരെ വീഡിയോ കോൺഫറൻസ് വഴി നേരിട്ട് കണ്ട് പരാതി സ്വീകരിക്കാൻ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം ആധുനിക സംവിധാനങ്ങൾ മറ്റ് പോലീസ് സ്റ്റേഷനുകളിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ നിർമ്മിക്കാൻ സ്ഥലം വിട്ടു നൽകിയ ഗുരുവായൂർ ദേവസ്വം ബോർഡിനും അനുമതി നൽകിയ ഹൈക്കോടതിയ്ക്കും മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. മുൻ എം.എൽ.എ കെ.വി അബ്ദുൾ ഖാദറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുളള 99 ലക്ഷം രൂപയടക്കം 3.24 കോടി രൂപ ചെലവിലാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 378.78 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിലുളള കെട്ടിടത്തിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തൃശൂർ ജില്ലാ ലേബർ കോൺട്രാക്റ്റിംഗ് സഹകരണ സംഘമാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.