{"vars":{"id": "89527:4990"}}

സീറ്റ് ചർച്ച ഒടുവിൽ സംഘർഷത്തിലെത്തി; കാസർകോട് ഡിസിസി ഓഫീസിൽ തമ്മിൽത്തല്ല്
 

 

കാസർകോട് കോൺഗ്രസിലെ സീറ്റ് വിഭജന ചർച്ച നേതാക്കൾ തമ്മിലുള്ള കൂട്ടിയിടിയിൽ കലാശിച്ചു. ഡിസിസി വൈസ് പ്രസിഡന്റും ഡികെടിഎഫ് ജില്ലാ പ്രസിഡന്റും തമ്മിലാണ് ഏറ്റുമുട്ടിയത്. സമൂഹ മാധ്യമങ്ങളിലും പാർട്ടി യോഗങ്ങളിലും നടന്ന തർക്കം ഒടുവിൽ ഡിസിസി ഓഫീസിൽ വെച്ച് നേരിട്ടുള്ള തല്ലിൽ കലാശിക്കുകയായിരുന്നു

ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനമാണ് സംഘർഷത്തിൽ കലാശിച്ചത്. ഡിസിസി വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കനും കർഷക സംഘടന ജില്ലാ പ്രസിഡന്റ് വാസുദേവനും തമ്മിലായിരുന്നു സംഘർഷം. ജയിംസ് നേരത്തെ കോൺഗ്രസ് വിട്ട് ഡിഡിഎഫ് എന്നൊരു സംഘടനയുണ്ടാക്കിയിരുന്നു. ഈ സംഘടനയാണ് ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരിച്ചിരുന്നത്. 2023ൽ ജയിംസ് കോൺഗ്രസിൽ തിരിച്ചെത്തി

ജയിംസിനെ ഡിസിസി വൈസ് പ്രസിഡന്റാക്കുകയും ചെയ്തു. അന്ന് ജയിംസിനൊപ്പം കോൺഗ്രസിലേക്ക് തിരികെ വന്ന ഏഴ് പേർക്കും സീറ്റ് വേണമെന്ന ആവശ്യമാണ് ജയിംസ് ഉയർത്തിയത്. ഇതിനെ മറ്റ് നേതാക്കൾ എതിർത്തു. അഞ്ച് സീറ്റ് നൽകാമെന്നായിരുന്നു ധാരണ. എന്നാൽ തർക്കം രൂക്ഷമായതോടെ നൽകുന്ന സീറ്റ് രണ്ടാക്കി ചുരുക്കാൻ ഡിസിസി നേതൃത്വം തീരമാനിച്ചു. ഇതേ തുടർന്നുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്.