മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ എന്ന മുദ്രാവാക്യം ജനങ്ങളെ വെറുപ്പിച്ചു; സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം
ആലപ്പുഴ: 'എൽഡിഎഫ് അല്ലാതെ മറ്റാര്' എന്ന മുദ്രാവാക്യം ജനങ്ങളെ വെറുപ്പിച്ചെന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ വിമർശനം. ഇത് അഹങ്കാര മുദ്രാവാക്യം എന്ന പ്രതീതി ഉണ്ടാക്കി. പിണറായിയുടെ ചിത്രം മാത്രം വച്ചപ്പോൾ 'ഞാനല്ലാതെ മറ്റാര്' എന്ന ജനങ്ങൾക്ക് തോന്നി.
2016ലും 21ലെയും മുദ്രാവാക്യങ്ങൾ ജനത്തെ അടുപ്പിച്ചു. 2026 മുദ്രാവാക്യം ജനത്തെ വെറുപ്പിച്ചു. പിണറായിയുടെ ചിത്രം മാത്രം വച്ചപ്പോൾ 'ഞാനല്ലാതെ മറ്റാര്' എന്ന ജനങ്ങൾക്ക് തോന്നി.'കടക്ക് പുറത്ത്' മുദ്രാവാക്യവും ജനങ്ങൾ ഓർത്തുവച്ചു. സ്വന്തം മണ്ഡലത്തിൽ തുടക്കത്തിൽ പിന്നിൽ പോയത് പാർട്ടി മാത്രമല്ല പിണറായിയും പരിശോധിക്കണമെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
"കയർ മേഖലയെ പി.രാജീവ് തകർത്തെന്നും വിമർശനം ഉയർന്നു. മുതലാളിമാർക്ക് വേണ്ടി മാത്രമാണ് രാജീവ് പ്രവർത്തിച്ചത്. ജി.സുധാകരനും തോമസ് ഐസക്കും കയർ വകുപ്പ് നല്ല വരുമാനമുള്ള മേഖലയാക്കി.ഇത് അഞ്ചുവർഷംകൊണ്ട് പി.രാജീവ് അത് തകർത്തെന്നും വിമർശനമുയര്‍ന്നു.
തൃശൂർ ജില്ലാ കമ്മിറ്റി യോഗത്തിലും പാർട്ടി നേതൃത്വത്തിന്റെ ശൈലിക്കെതിരെ അംഗങ്ങൾ ശക്തമായി രംഗത്തുവന്നു. പാർട്ടി നേതൃത്വം ജനങ്ങളോട് മര്യാദപൂർവം പെരുമാറാത്തതാണ് തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പ്രധാന കാരണമെന്ന് യോഗത്തിൽ വിമർശനമുയർന്നു
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയം മുൻകൂട്ടി കണ്ട് തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. മണ്ഡലങ്ങളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിലും പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിലും പാർട്ടിയുടെ ഒരു ഘടകവും മുന്നോട്ടുവന്നില്ല. പാർട്ടിയുടെ ശക്തമായ കോട്ടയായ കണ്ണൂരിലെ ശക്തികേന്ദ്രങ്ങളിൽ നിന്ന് പോലും വോട്ടുകൾ എതിർപാളയത്തിലേക്ക് പോയത് അതീവ ഗൗരവത്തോടെ കാണണമെന്ന് തൃശൂർ ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ വലിയൊരു ശുദ്ധികലശം വേണമെന്ന ആവശ്യമാണ് തൃശൂരിൽ നിന്നും ഉയരുന്നത്. പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർക്കെതിരെയാണ് വിമർശനങ്ങളുണ്ടായത്.
ഇരുവരെയും നിലവിലെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിനിർത്തി, താഴെത്തട്ടിലുള്ള അണികളെ കേട്ടും ജനങ്ങളിലേക്ക് ഇറങ്ങിയും പാർട്ടി പുതിയ രീതിയിൽ മുന്നോട്ടുപോകണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.
തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിലും അതിരൂക്ഷമായ വിമർശനം ഉയര്‍ന്നു. പാർട്ടി നേതൃത്വം ഏകാധിപത്യ സ്വഭാവത്തിലേക്ക് മാറുന്നുവെന്നും, ജനങ്ങൾക്കും സജീവ പ്രവർത്തകർക്കും ഈ ശൈലിയിൽ കടുത്ത അതൃപ്തിയുണ്ടെന്നും യോഗത്തിൽ വിമർശനമുയർന്നു.
ഈ തെറ്റായ ശൈലി അടിയന്തരമായി മാറ്റിയില്ലെങ്കിൽ പശ്ചിമ ബംഗാളിലെ തകർച്ച കേരളത്തിലും ആവർത്തിക്കുമെന്ന മുന്നറിയിപ്പും അംഗങ്ങൾ നൽകി. തെരഞ്ഞെടുപ്പിൽ വലിയ തോൽവി നേരിട്ടിട്ടും പിണറായി വിജയനെ തന്നെ വീണ്ടും പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത് ജനങ്ങൾക്കും പാർട്ടി അണികൾക്കും നല്ല സന്ദേശമല്ല നൽകിയതെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. പാർട്ടിയിൽ എന്തുകൊണ്ടാണ് അദ്ദേഹത്തിന് മാത്രം കൂടുതൽ പരിഗണനയും അധികാരങ്ങളും ലഭിക്കുന്നതെന്നും യോഗത്തിൽ ചോദ്യമുയർന്നു
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സ്ഥാനം ഒഴിയണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. അദ്ദേഹത്തിന്റെ വാർത്താസമ്മേളനങ്ങളിലെ നിലപാടുകൾ പാർട്ടിയുടെ സജീവ പ്രവർത്തകരെപ്പോലും നിരാശപ്പെടുത്തുന്നതും ജനങ്ങളെ പാർട്ടിക്ക് എതിരാക്കുന്നതുമാണെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി.
പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് പാർട്ടി മാറാൻ തയ്യാറാണെന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ പ്രതിപക്ഷ നേതാവ്, പാർട്ടി സെക്രട്ടറി സ്ഥാനങ്ങളിൽ പുതിയ ആളുകൾ വരണമെന്ന് ജില്ലാ കമ്മിറ്റിയിൽ ആവശ്യമുയർന്നു. പയ്യന്നൂരിലും തളിപ്പറമ്പിലും ജനവികാരം ഉണ്ടായിട്ടും സ്ഥാനാർത്ഥി നിർണ്ണയത്തിൽ മാറിചിന്തിക്കാൻ നേതൃത്വം തയ്യാറായില്ല. കെ.കെ ശൈലജയെ പേരാവൂരിൽ പോയി മത്സരിപ്പിച്ചതിലും ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം ഉയർന്നു.