{"vars":{"id": "89527:4990"}}

സ്‌പെഷ്യൽ ബ്രാഞ്ച് പോലീസുകാരൻ വിചാരിച്ചാൽ രാഹുലിനെ അറസ്റ്റ് ചെയ്യാമായിരുന്നു; അവരുടെ ആഗ്രഹം അതായിരുന്നില്ല:സതീശൻ
 

 

സ്പെഷ്യൽ ബ്രാഞ്ചിലെ ഒരു പോലീസുകാരൻ വിചാരിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാമായിരുന്നുവെന്നും എന്നാൽ ശബരിമല സ്വർണക്കൊള്ള മറക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പെൺകുട്ടി പരാതികൊടുക്കുമെന്ന് തലേദിവസം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നല്ലോ, പരാതി കൊടുത്താലുള്ള നടപടിയെ കുറിച്ചും അറിയാമായിരുന്നു. 

സ്പെഷ്യൽ ബ്രാഞ്ചിലെ ഒരു പോലീസുകാരൻ വിചാരിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നടക്കുമായിരുന്നു. അറസ്റ്റായിരുന്നില്ല അവരുടെ ആഗ്രഹം, തെരഞ്ഞെടുപ്പ് കാലത്ത് ശബരിമലയിലെ സ്വർണക്കൊള്ള വിഷയം മാറ്റിവെച്ച് വേറെ വിഷയം ചർച്ച ചെയ്യണം അതിനായിരുന്നു ഇതെല്ലാം എന്നും വി ഡി സതീശൻ പറഞ്ഞു.

കേസിൽ അറസ്റ്റിൽ ആയവരെ കൂടാതെ ഒരുപാട് പ്രധാനപ്പെട്ട ആളുകൾ ഉണ്ട്. അവരെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിന്നിൽ വൻ തോക്കുകൾ ഉണ്ട്. മുൻ ദേവസ്വം മന്ത്രി, ഇപ്പോഴത്തെ ദേവസ്വം മന്ത്രി, ദൈവതുല്യനായ ആളെന്ന് പത്മകുമാർ വിശേഷിച്ചവരുൾപ്പെടെ എല്ലാ വൻ തോക്കുകളും ഇതിനകത്ത് ഉണ്ട്. ജയിലിലേക്കുള്ള സിപിഎം നേതാക്കളുടെ ഷോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂ, ഇതിലും വലിയ നേതാക്കന്മാർ ജയിലിലാകുമെന്നും സതീശൻ പറഞ്ഞു.