{"vars":{"id": "89527:4990"}}

പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒളിച്ചുകളിക്കുന്നു; രൂക്ഷവിമർശനവുമായി സമസ്ത

 

തിരുവനന്തപും: പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. സര്‍ക്കാരിന്റേത് ജനവിശ്വാസത്തെ തോല്‍പ്പിക്കുന്ന കാല്‍വെപ്പാണ്. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ല, മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്യുന്നതെന്നും സുപ്രഭാതത്തിൽ പറയുന്നു. ധവള പത്രത്തില്‍ ഒരു വരിയില്‍ പോലും കേന്ദ്രത്തെ വിമര്‍ശിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയെന്നും വിമര്‍ശനമുണ്ട്. സര്‍ക്കാരിന്റെ മുഖവിലാസം സുതാര്യതയാകണമെന്നും സുപ്രഭാതത്തില്‍ പറയുന്നു.

'പ്രതീക്ഷകൾക്കൊത്ത് ഉയരാനുള്ള ശ്രമം തുടങ്ങുകയും ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തതോടെ വലിയ പിന്തുണയാണ് എല്ലാ കോണുകളിൽനിന്നും സർക്കാരിനുണ്ടായത്. നിലപാടിൽ അണുവിട വ്യതിചലിക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയും നടപ്പിലും ഇരിപ്പിലും ഇടപെടലുകളിലും കൂടുതൽ ജനകീയത കാട്ടുകയും ചെയ്ത മുഖ്യമന്ത്രിയുടെ സമീപനങ്ങൾ വലിയ മാറ്റമായാണ് അനുഭവപ്പെട്ടത്. എന്നാൽ, അത്തരം വിശ്വാസങ്ങളെ തട്ടിമാറ്റുന്ന വിധത്തിലുള്ള അന്തർനാടകങ്ങളാണ് ഭരണനേതൃത്വത്തിൽ നിന്നുണ്ടാവുന്നത്. കേരളത്തിന്റെ പൊതുമനസ് വിലക്കിയ പി.എം ശ്രീ പോലുള്ള പദ്ധതികളിൽ സർക്കാർ സ്വീകരിക്കുന്ന വ്യക്തതയില്ലാത്ത നിലപാടുകളും അനിശ്ചിതത്വവും സതീശൻ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് പറയാനാവുമോ?', സുപ്രഭാതത്തിൽ ചോദിക്കുന്നു.

ഭരണത്തിലേറി മാസം തികയും മുമ്പ് രാഷ്ട്രീയ വിമർശനം നടത്തുകയല്ല, അഞ്ഞിരിക്കേണ്ട അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുക മാത്രമാണെന്നും എഡിറ്റോറിയലിൽ പറയുന്നു. കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാനുള്ള ജനവിശ്വാസവുമായാണ് യുഡിഎഫ് സർക്കാർ അധികാരമേറ്റത്. അവിടെ കാണാച്ചരടുകളുള്ള കരാറുകളിലേർപ്പെടുന്നത് കേരളത്തിന് വലിയ അപകടം ചെയ്യുമെന്നതിൽ തർക്കമില്ല. സുതാര്യതയാവണം ഭരണകൂടത്തിന്റെ മുഖവിലാസം. അതല്ലെങ്കിൽ, ഒളിക്കാനുണ്ടെന്ന് ജനം വിലയിരുത്തുമെന്നും പത്രം വിമർശിക്കുന്നു

ഭരണ മാറ്റത്തിന് പിന്നാലെ പി എം ശ്രീ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്രസർക്കാർ വീണ്ടും കേരളത്തിന് കത്തയച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. പിന്നാലെ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വിദ്യാഭ്യാസ സെക്രട്ടറിയോട് റിപ്പോർട്ട് തേടുകയും ചെയ്തു. പദ്ധതിയുടെ നിലവിലത്തെ സ്ഥിതിയും ഭാവി സാധ്യതകളും അടക്കം ഉൾപ്പെടുത്തി കഴിഞ്ഞ ദിവസമാണ് സെക്രട്ടറി റിപ്പോർട്ട് കൈമാറിയത്. എന്നാൽ എസ് സി ഇ ആർ ടി ഇയുടെയും എസ് എസ് കെയുടെയും റിപ്പോർട്ടുകൾ ഇല്ലാതെയാണ് സെക്രട്ടറി മന്ത്രിക്ക് വിവരങ്ങൾ കൈമാറിയത്. പദ്ധതി നടപ്പിലായാൽ വിദ്യാഭ്യാസ നയത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ആയിരുന്നു SCERT യോട് സെക്രട്ടറി ആവശ്യപ്പെട്ടത്. ഫണ്ട് കുടിശികയുള്ളതിനാൽ സമഗ്ര ശിക്ഷ കേരളയോടും റിപ്പോർട്ട് തേടി. എത്ര രൂപ ഫണ്ട് ഇനത്തിൽ കിട്ടാനുണ്ട്, എത്രത്തോളം ബാധ്യത സ്ഥാപനം നേരിടുന്നു എന്നതടക്കമുള്ള കാര്യങ്ങളാണ് എസ് എസ് കെ റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടിയിരുന്നത്.

എന്നാൽ ചുമതല ഒഴിയാൻ തയ്യാറെടുത്തിരിക്കുന്നതിനാൽ തന്നെ രണ്ട് ഡയറക്ടർമാരും വകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയില്ല. തുടർന്ന് സ്വന്തം നിലയ്ക്ക് വിവരങ്ങൾ ശേഖരിച്ചാണ് പൊതു വിദ്യാഭ്യാസ സെക്രട്ടറി മന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.