സ്‌കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിയെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്നു; 59കാരൻ പിടിയിൽ
Sep 26, 2025, 16:58 IST
സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്ന കേസിൽ 59കാരൻ അറസ്റ്റിൽ. മണലൂർ പാലാഴിയിൽ താമസിക്കുന്ന കരുവന്തല നാരായണപറമ്പത്ത് വീട്ടിൽ അനിൽ കുമാറിനെയാണ് വാടാനാപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 23നും 24നും വൈകിട്ട് നാല് മണിയോടെ സ്‌കൂൾ വിട്ടു പോകുന്ന സമയത്ത് സ്‌കൂൾ മൈതാനത്തും സ്‌കൂൾ പരിസരത്ത് വെച്ചും ലൈംഗിക ഉദ്ദേശ്യത്തോടെ ഇയാൾ കുട്ടിയെ പിന്തുടരുകയായിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനിൽ കുമാർ. പാവറട്ടി പോലീസ് സ്‌റ്റേഷനിൽ രണ്ട് വധശ്രമക്കേസുകളും ഒരു പോക്‌സോ കേസും അടക്കം അഞ്ച് ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെയുണ്ട്.