{"vars":{"id": "89527:4990"}}

വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരും; ഉപമുഖ്യമന്ത്രി ചര്‍ച്ച ഇല്ലന്ന് സണ്ണി ജോസഫ്

 

എംഎല്‍എ അല്ലാത്തയാള്‍ മുഖ്യമന്ത്രി ആകുമോ എന്ന് ഇപ്പോള്‍ പറയാന്‍ ആകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച ആരംഭിച്ചിട്ടില്ല. എംഎല്‍എമാരുടെ വോട്ടെടുപ്പ് നടത്തിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും സണ്ണി ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മാധ്യമങ്ങള്‍ അനാവശ്യ ചര്‍ച്ചകള്‍ നടത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരട്ടെ. വേവുവോളം ഇരുന്നാല്‍ ആറുവോളം ഇരിക്കാമല്ലോ. കാത്തിരിക്കാം. മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് നടപടിക്രമങ്ങളുണ്ട്. ജയിച്ച എംഎല്‍എമാരുടെ യോഗം ഹൈക്കമാന്റ് പ്രതിനിധികള്‍ വന്നുവിളിക്കും. എഐഎസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗേയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും ചേര്‍ന്ന് ആലോചിച്ച് പ്രമുഖരായ ആളുകളെ കേരളത്തിലേക്ക് അയക്കും. ഇപ്പോള്‍ അത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല – അദ്ദേഹം പറഞ്ഞു.

കെ സുധാകരനെ മത്സരിപ്പിക്കരുതെന്ന് എന്നാവശ്യപ്പെട്ട് എഐസിസിക്ക് നല്‍കിയ കത്ത് എന്ന രീതിയില്‍ പ്രചരിക്കുന്ന കത്ത് വ്യാജമെന്ന് ആവര്‍ത്തിക്കുകയാണ് സണ്ണി ജോസഫ്. കത്ത് വ്യാജമല്ലെന്ന് കെ സുധാകരന്‍ പറഞ്ഞത് എന്ത് കൊണ്ടെന്നറിയില്ല. കത്തുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷം താന്‍ കെ സുധാകരനെ വിളിച്ചിട്ടില്ല. വിളിച്ചു വ്യക്തത വരുത്തണം എന്ന് തോന്നിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

മാധ്യമങ്ങളാണ് വിഷയം പെരുപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ ഞാനും കുറച്ച് വികാരാധീനനായി. ആ വിഷയത്തില്‍ സത്യത്തിന്റെ ഭാഗത്താണ് ഞാന്‍ നിന്നത്. എന്റെ പേരിലാണ് കത്ത്. ഞാന്‍ അങ്ങനെ ഒരു കത്തയച്ചിട്ടില്ല എന്ന് ഡിജിപിക്ക് പരാതി കൊടുക്കുന്നു. കത്ത് വ്യജമല്ലെന്ന പ്രതികരണം എന്തുകൊണ്ടായിരുന്നുവെന്ന് സുധാകരനോട് തന്നെ ചോദിക്കണം. എനിക്കറിയില്ല – അദ്ദേഹം പറഞ്ഞു.

വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും സണ്ണി ജോസഫ് പറഞ്ഞു. എല്ലാ വിഭാഗവും യുഡിഫിന് വോട്ട് ചെയ്തു. യുഡിഎഫില്‍ ഉപമുഖ്യമന്ത്രി ചര്‍ച്ച ഇല്ലെന്നും, ആരൊക്കെ മന്ത്രിമാരാകുമെന്നത് പിന്നീട് തീരുമാനിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. കേരളമാകെ യുഡിഎഫിന് നല്ല റിസള്‍ട്ട് ഉണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കും. ജനങ്ങള്‍ സര്‍ക്കാരിനെ നന്നായി വിലയിരുത്തി. അവരുടെ ജനദ്രോഹ നയങ്ങളെല്ലാം തുറന്ന് കാട്ടാന്‍ നമുക്ക് സാധിച്ചു. 100 സീറ്റാണല്ലോ ഞങ്ങളുടെ ടാര്‍ഗറ്റ്. അതില്‍ വലിയ വ്യത്യാസമൊന്നും വരില്ല – സണ്ണി ജോസഫ് പറഞ്ഞു.