{"vars":{"id": "89527:4990"}}

ആവേശം ഒട്ടും ചോരാതെ പുതുവർഷത്തെ വരവേറ്റ് ലോകം; മെട്രോ ജേർണലിന്റെയും പുതുവത്സരാശംസകള്‍

 

 

പുതുവർഷത്തെ ആഹ്ലാദാരവത്തോടെ വരവേറ്റ് ലോകം. പതിവ് പോലെ ആവേശത്തിന് ഒട്ടും കുറവ് വരുത്താതെയാണ് മലയാളികളും ഇത്തവണ പുതുവത്സരത്തെ വരവേറ്റത്. പലയിടങ്ങളിലും ന്യൂയർ പാർട്ടികളും കലാപരിപാടികളും നടന്നു. കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തിരുവനന്തപുരവും പുതുവത്സരത്തെ ആഘോഷമാക്കിയത്

വെള്ളാറിലെ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലെ പാപ്പാഞ്ഞി ആയിരുന്നു തലസ്ഥാനത്തെ പ്രത്യേകത. പത്തോളം കലാകാരൻമാർ പത്ത് ദിവസമെടുത്ത് തയ്യാറാക്കിയതായിരുന്നു കൂറ്റൻ പാപ്പാഞ്ഞി. കൂടാതെ അഭയ ഹിരൺമയിയുടെ നേതൃത്വത്തിലുള്ള സംഗീത വിരുന്നും തലസ്ഥാനത്ത് അരങ്ങേറി

പസഫികിലെ കിരിബാത്തി ദ്വീപാണ് പുതുവത്സരത്തെ ആദ്യം വരവേറ്റത്. ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനേക്കാൾ എട്ടര മണിക്കൂർ മുമ്പ് ഇവിടെ ന്യൂ ഇയർ പിറന്നു. കിരിബാത്തിക്ക് ശേഷം ന്യൂസിലാൻഡിലെ ചാഥം ദ്വീപിലും പുതുവർഷമെത്തി. തുടർന്ന് ഓസ്‌ട്രേലിയ, ടോംഗ തുടങ്ങിയ ദ്വീപുകളും പുതുവത്സരം ആഘോഷിച്ചു. ലോകരാജ്യങ്ങളെല്ലാം ചുറ്റിക്കണ്ട് യുഎസിലാണ് അവസാനം പുതുവർഷമെത്തുന്നത്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് മെട്രോ ജേർണലും പുതുവത്സരാശംസകൾ നേരുന്നു