{"vars":{"id": "89527:4990"}}

യുവതി ഡോറിനടുത്ത് നിന്ന് മാറിയില്ല, ആ ദേഷ്യത്തിൽ ചവിട്ടിയിട്ടു; യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടെന്ന് സമ്മതിച്ച് പ്രതി
 

 

വർക്കലയിൽ ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാർ, ട്രെയിനിന്റെ വാതിൽക്കൽ നിന്ന് പെൺകുട്ടി മാറിയില്ലെന്നും ഇതിന്റെ ദേഷ്യത്തിൽ ചവിട്ടിയിട്ടു എന്നുമാണ് സുരേഷിന്റെ മൊഴി. പിന്നിൽ നിന്നുമാണ് ചവിട്ടിയത്. കോട്ടയത്ത് നിന്നാണ് സുരേഷ് കുമാർ ട്രെയിനിൽ കയറിയത്

മദ്യപിച്ചാണ് ഇയാൾ ട്രെയിനിൽ കയറിയത്. ശുചിമുറിയുടെ ഭാഗത്തായിരുന്നു നിന്നിരുന്നത്. യാതൊരു പ്രകോപനവും കൂടാതെ യുവതിയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്നുച്ചയോടെ കോടതിയിൽ ഹാജരാക്കും

സോനുവെന്ന യുവതിയെയാണ് സുരേഷ് കുമാർ ആക്രമിച്ചത്. എറണാകുളത്ത് ഭർത്താവിന്റെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു സോനു. സോനുവിനെ തള്ളിയിടാൻ ശ്രമിച്ചപ്പോൾ ബഹളം വെച്ചതിന് ഒപ്പമുണ്ടായിരുന്ന അർച്ചനയെയും ഇയാൾ ആക്രമിച്ചു. ട്രെയിനിന്റെ ചവിട്ടുപടിയിൽ തൂങ്ങിനിന്നാണ് അർച്ചന രക്ഷപ്പെട്ടത്. പിന്നാലെ യാത്രക്കാർ അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ച് അർച്ചനയെ രക്ഷപ്പെടുത്തുകയായിരുന്നു

പുറത്തേക്ക് തെറിച്ചുവീണ സോനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോനുവിനെ സിടി സ്‌കാൻ ചെയ്തു. ആന്തരിക രക്തസ്രാവമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.